6/01/2010

മയില്‍പ്പീലിത്തുറുകണ്ണ്‌










ഏരിക്കര ,
നീലൂരിപ്പൊന്ത
തുറുകണ്ണന്‍ പുള്ളിപ്പുലി
ചെങ്കല്ലുരച്ചു മിനുങ്ങും തവല*
കൈവളക്കലപില
മിന്നും മുക്കു മൂക്കുത്തി
കടും നിറപ്പുള്ളിച്ചേല
കണങ്കാല്‍ കൊലുസ്സ്‌
മയിലാള്‍‍,പാപ്പാള്‍,വള്ളി,മുനിയമ്മ..

കോളനിക്കിണറോരം
പെണ്‍പഞ്ചായത്ത്‌
കണ്ണയ്യന്‍ പൊട്ടച്ചി* പെണ്ണായ കത
നാകേലന്‍ പൊഞ്ചാതിക്ക്‌*
നാലു ക്ളാസ്സ്‌ പടിച്ച പവറ്
‍കമ്പനിവേലക്കുപോണ ചിന്നത്തായി
തെന്നംതോപ്പില്‍
പുലിക്കണ്‍മിനുക്കം
മയിലാള്‍,മുനിയമ്മ,വള്ളി

നട്ടുച്ചപ്പെരുവഴി
ഈര്‍ക്കിലിമൂക്കുത്തിക്കുവേര്‍പ്പുമിനുക്കം
തവലത്തണ്ണി കലപിലകലപില
പനങ്കാടപ്പുറംപുലിവാലിളക്കം
മയിലാള്‍,മുനിയമ്മ.....

പെരുവഴിയോരം
തണ്ണിത്തവലപ്പാമ്പു വരിശ*
ചേലത്തൊട്ടില്‍ത്താലാട്ട്‌
പന്തല്‍പുറമേ പുലിക്കാല്‍പതുക്കം
മയിലാള്‍...

പെരുമരച്ചോട്‌
‍പുലിക്കണ്‍പെരുക്കം
പീലിത്തുറുക്കണ്‍പെരുക്കം
മയില്‍പീലിത്തുറുക്കണ്‍പെരുക്കം
പപ്പാള്‍,വള്ളി,മുനിയമ്മ.....

തവല- പിത്തളക്കുടം; പൊട്ടച്ചി - പെണ്‍കുട്ടി ; പൊഞ്ചാതി - ഭാര്യ വരിശ - വരി

(കേരളകൌമുദി ദിനപത്രം)

(photo courtesy google)

5/24/2010

അമ്മപ്പൂതങ്ങള്‍
















പറയന്റെ കുന്നും പാറക്കെട്ടൂം
പതുങ്ങാന്‍ പാഴിടവഴിയും
നഷ്ടപ്പെട്ടൊരു പാവം പൂതം
കൊയ്ത്തില്ലാവയല്‍ കണ്ടു
മാറു ചുരന്നൂരാകെത്തെണ്ടി
പൊന്നുണ്ണിയെത്തേടി

ഒരു ചീന്തു മല്ലും
ഉരിയ പഴയരിയും
നാണക്കേടിന്റെ കോലവും ബാക്കി

കാലം കരിങ്കോലം കെട്ടിച്ച
പുത്തന്‍ പൂതങ്ങളാടുമ്പോള്‍
ഉണ്ണികള്‍ക്കെന്തിനീയോമനപ്പൂതം?
ഓട്ടുചിലമ്പിന്റെയൊച്ചയടക്കീ
നാട്ടുചെമ്മണ്ണാല്‍ നിറമുടി ചിക്കീ
കണ്ണുനീരിന്‍പെരുഞ്ചിറകെട്ടീ
കാലങ്ങളെത്രയോ കാത്തിരുന്നൊരാ
കരളിന്‍ പിടച്ചില്‍കേട്ടതാര്‌?
ഒന്നല്ലൊരുപാടുണ്ണികളേക്കൊടു-
ത്താശയടക്കിയതേതു നങ്ങേലി??

(കലാകൌമുദി വാരിക)

(photo courtesy google)

5/23/2010

അലക്ക്‌















നിറുകയില്‍
‍വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്‌
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം അനങ്ങാതായി.

കറങ്ങിമടുത്ത അഴുക്കിന്‌
അടിത്തട്ടില്‍ വിശ്രമം.
ജാക്കറ്റില്‍നിന്നൊരു ഹുക്കും
പോക്കറ്റില്‍ നിന്നൊരു തുട്ടും
പതനുരയില്‍ താഴേയ്ക്ക്‌.

തുണികള്‍ വ്യാകുലരായി
യന്ത്രം ധ്യാനത്തിലും

ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകളൂരി
ഊഴം കാത്ത്‌ പെരുകുന്ന ഉറകള്‍
‍കുതിര്‍ന്ന ഉടലുകള്‍
പ്രാചീനമൊരു വംശസ്മൃതിയില്‍
സാകല്യം.
യന്ത്രസമാധി.

അന്തിയ്ക്കറച്ചു നില്‍ക്കാതെ
'അമ്രാളേ' വിളിയില്ലാതെ
തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

(photo courtesy google)

5/22/2010

വീടില്ലാക്കുഞ്ഞുങ്ങള്‍















പിരിയുംനേരം

പതിവുചുംബനം ഉണ്ടായില്ല
ഒന്നുകൈവീശിയില്ല
പകരമൊരു ചോദ്യം
നമുക്കൊരു കുഞ്ഞു വേണ്ടേ?
നമ്മുടെ മാത്രം കുഞ്ഞ്‌ ..

പോറ്റിക്കൊള്ളാം പെറ്റോളു
ഞാന്‍ ഏറ്റു
അമ്മ നീ ഞാന്‍ അച്ഛന്‍
തിരിച്ചുമാവാം

നമ്മുടെ കുഞ്ഞുങ്ങള്‍!
*പുഞ്ചിരിക്കതിര്‍ ചുണ്ടുകള്‍
സ്വപ്നം മയങ്ങും കണ്ണുകള്‍
കനകച്ചിലങ്കയണിഞ്ഞ*
കുഞ്ഞിക്കാലടിച്ചെത്തങ്ങള്‍
നിറയ്ക്കാം വീടകമെല്ലാം നമുക്ക്‌

എന്റെ വീട്‌? അതോ നിന്റെയൊ?

**കാവ്യനര്‍ത്തകി



(സാകേതം മാസിക)

5/20/2010

ശിവം







ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്‌ന്നു നില്‍പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?

ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്‍
പ്രണയവാങ്മയം പ്രിയനായ്‌ പകര്‍ത്തുക

സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ്‌ ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്‌
ജടയില്‍ ഗംഗയായ്‌ പെയ്തിറങ്ങീടുക.

എന്റെ വാഗ്‌രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുന്ന മേഘമൗനത്തെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.

(ജനകീയപത്രം)

(photo courtesy google)

5/15/2010

വിരുന്ന്















വേനല്‍ചപ്പ്‌ എരിഞ്ഞമര്‍ന്ന
നനഞ്ഞ ചാമ്പലില്‍
പാതിയുടല്‍ മറച്ചുറങ്ങിയ
പാണ്ടന്‍പട്ടി
പതിവില്ലാതെ
ഉച്ചത്തില്‍ മോങ്ങിയത്‌
പുറകിലെ തൊടിയില്‍
കുത്തിച്ചുടാനെ കേട്ടാണോ
എന്നു തിട്ടമില്ലാഞ്ഞു
പൊട്ടി വന്ന
കൊക്കരക്കൊ ഉള്ളിലടക്കി
പുള്ളിച്ചിയേം മക്കളേം
ഉണര്‍ത്താതെ
കൂടിന്റെ
ഇത്തിരിപ്പാളി വെട്ടത്തിലേക്കു
പൂവന്‍ എത്തിച്ചു നോക്കി.

മുത്തശ്ശി മാവില്‍
കൂടൊഴിയുന്ന കലപില .
കാളിപ്പയ്യ്‌ ചുരന്നതും മറന്ന്
മുഖമുയര്‍ത്തി വാട്ടം പിടിച്ചു.
വിളിക്കേണ്ടോരുടെ കണക്കെടുത്ത്‌
ആഞ്ഞിലിക്കൊമ്പിലെ കാക്കച്ചി
പടിക്കലേക്കു ചെരിഞ്ഞു നോക്കി.

പയ്യും പൂവനും
പുള്ളിച്ചിയും പാണ്ടനും
വിരുന്നു മണത്തു.
ക്ഷമയോടെ കാത്തു.

ഇളംതിണ്ണയില്‍
‍വെറ്റിലയും കോളാമ്പിയും
ഒന്നിച്ചു വരണ്ടു.
പടിഞ്ഞാറേത്തൊടിയില്‍
വേനല്‍ ചപ്പു
പിന്നെയും ആളിയടങ്ങി .
ഉടയോനില്ലാമണിയൊച്ചകളില്‍
കാക്കക്കരച്ചില്‍ മുങ്ങിപ്പോയി .

പിന്നെയെപ്പോഴോ
അജ്ഞാതരായ
അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി
വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

(സമകാലീനമലയാളം)

(photo courtesy google)

2/23/2010

പച്ച- ഒരു സവർണ്ണ ഫാസിസ്റ്റ്‌ ദംശനം






















ഹരിതമാണു
നിറം
മരതകമണിയുക .
കൂട്ടുകാരന്‍,
ജ്യോതിഷം ഹോബിയാക്കിയോന്‍ .

വിറയ്ക്കുംവലംകൈച്ചെറുവിരലില്‍
പച്ചതന്‍ സൗമ്യദംശനം.
ചിത്രോടക്കല്ലിന്‍പിന്നില്‍
മറയും വാല്‍പ്പച്ച
തെളിയും കണ്‍പച്ച
കല്‍വിളക്കിന്‍ ചോട്ടില്‍
എണ്ണയിഴുകും മണ്ണിന്‌
ഗ്രഹണവിഷവീര്യം

മിഴിഞ്ഞു മലര്‍ന്നൊരിടംകണ്ണില്‍
ഊഞ്ഞാലാടും വള്ളിപ്പച്ച
ചുവന്നൂര്‍ന്നേവീണു ചിന്നീ
വലംകണ്ണില്‍ സന്ധ്യാംബരം
കാവിനുമപ്പുറം
മേടപ്പാടവരമ്പ്‌
കൊന്നക്കൊമ്പില്‍
മേഘച്ചേക്ക

പച്ചയില്‍ കണ്മിഴിക്ക്‌,
മുറിവൊക്കെയും മറക്ക്‌ .
ഇടവഴിയില്‍
കാല്‍വിരലിരടിയ നോവില്‍
ഇലച്ചാര്‍ ഇറ്റിക്കേ
അമ്മ

വിരലില്‍ സൌമ്യം ചിരിയണിഞ്ഞൂ
മരതകപ്പച്ച
(കേരളകവിത 2007)

(photo courtesy google)

2/11/2010

പുനരധിവാസം


അവര്‍ അറുപതുപേര്‍ .

മൈതാനം ചുറ്റും
മങ്ങിയ വെട്ടങ്ങളില്‍
തിരിയും കണ്‍പേച്ച്‌
അകത്ത്‌ വാക്കില്ലാപ്പകപ്പ്‌ .

കൊട്ടകപ്പടിക്കല്‍
കാനച്ചൂരിലും ഉയര്‍ന്ന പൂമണം
പുറത്ത്‌ കാത്തിരിപ്പ്‌ .

കാക്കാം ഊഴം
ഇക്കുറി തിരക്കേയില്ലെന്നുചിരിച്ച്‌
അദ്ധ്യക്ഷന്‍ .

അറുപതു നാവുകള്‍ മിണ്ടിയതൊപ്പം .
എണ്ണാന്‍ പഠിച്ച കഥ
കൂട്ടിക്കിഴിച്ച്‌ ഉത്തരം പൂജ്യമാവത്‌
മുനകൂര്‍ത്ത പകല്‍ക്കണ്ണുകള്‍
മധുരം നീട്ടും രാക്കയ്യുകള്‍
ലാത്തി വീശിപ്പായിച്ചോന്‍
രാ-മറ പറ്റി വന്നത്‌
പനിച്ചൂടില്‍
പഴച്ചാര്‍ മോന്തിയ കുഞ്ഞിളം ചിരിയില്‍ ,
ആറാള്‍ അടങ്ങിയ വാട്ടം
ഉടല്‍ മറന്നത്‌

വിവസ്ത്രം വാക്കുകള്‍

നൂറ്റൊന്നാവര്‍ത്തിച്ച കുളിയുടെ ഓര്‍മയില്‍
മുഷിഞ്ഞ വേദി
മുറിഞ്ഞ ഗൌളീവാക്കുകള്‍
നിര്‍ജ്ജീവം
എങ്കിലും പിടച്ചില്‍ പഠിച്ചവ
അറിവും ആഹ്വാനവും അഹന്തയും
മേമ്പൊടിക്കല്‍പം അലിവും

തലവര മാറണം
പുതിയ പകല്‍ വരണം
ഉറക്കം കനത്ത കണ്‍പോളകള്‍
ഉച്ചത്തില്‍ ചോദിച്ചു
എന്നിട്ടോാാാ??
തുടങ്ങാം ഒരിടം
എന്നിട്ട്‌.... ?
തൊഴിലൊന്നു നോക്കാം
എന്നിട്ട്‌.. ?
ഇടറാതെ നീങ്ങാം തന്‍കാലില്‍ നില്‍ക്കാം മക്കളെപ്പോറ്റാം
എന്നിട്ടെന്നിട്ട്‌... ?
പൂമണം കണ്‍ചിമ്മിവിളിച്ചു
അറുപതു ജോടിക്കണ്ണില്‍
നിഴല്‍തെളിച്ചം പകപ്പില്ലാവാക്ക്‌

കിനാവില്‍ ഞാനൊരു കുഞ്ഞായി
മുത്തശ്ശി കഥ പറയുകയായിരുന്നു
മുറ്റത്തരികില്‍കിണറ്റുവക്കില്‍
പണ്ടൊരു പാവം അമ്മൂമ്മ
മുണ്ടൊന്നൂ തുന്നാനായ്‌ ചെന്നിട്ട്‌....
എന്നിട്ട്‌... ?
പെട്ടെന്നു തൂശിപോയ്‌ വെള്ളത്തില്
‍എന്നിട്ട്‌... ?
എന്നിട്ടെന്നാല്‍ തൂശികിട്ടുമോ?
അയ്യോ കഷ്ടായി..
കഷ്ടംന്ന്ച്ചാല്‍ തൂശി കിട്ടുമോ.. ?

ഉത്തരം മുട്ടി
ഉറക്കം പോയി
ഞാന്‍ എഴുതിത്തുടങ്ങി

അവര്‍ അറുപതുപേര്‍....

(മാധ്യമം ആഴ്ചപ്പതിപ്പ്‌)

(photo courtesy google)

2/04/2010

പൂവുകളെഴുതിയ സുവിശേഷം






















സ്റ്റാഫ്‌ കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍ .

കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്‍
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ്‌ സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.

സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍ .

പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.

കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്‌
ചന്തം തികച്ചത്‌.

തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
സമ്മാനമുറപ്പിച്ച്‌
മോര്‍ച്ചറിപ്പടിയിറങ്ങി

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

(photo courtesy google)

12/07/2009

കാറ്റിലുണ്ടച്ഛനെന്നമ്മ..


ചുരം താണ്ടിയ പാണ്ടിക്കാറ്റ്‌
പനമ്പട്ടച്ചെവിയിലൂതി
അമ്മയുടെ ചുണ്ടില്‍
പതിഞ്ഞയീണത്തില്‍ കുമ്മി
മെലിഞ്ഞ വിരലില്‍ താളം
ഒച്ച മറന്ന കാതില്‍
മണമകന്ന മൂക്കില്‍
തിമിരക്കണ്ണില്‍
നിറഞ്ഞും കവിഞ്ഞും കാറ്റ്‌

വൃശ്ചികപ്പൂരാടം
അച്ഛന്റെ ജന്മനാള്‍
മറന്നില്ലമ്മ

കുഞ്ഞിക്കാല്‍ ചവിട്ടി
നീ കിക്കിളിയേറ്റവേ
നിറവയര്‍ നിലംപടിഞ്ഞു
നാക്കിലയില്‍
പിറന്നാ‍ളിനിക്കും
വാത്സല്യക്കാറ്റ്‌'

മറക്കില്ല മകളെന്റെ ജന്മനാള്‍'
അച്ഛന്‍ സ്വകാര്യം പറഞ്ഞതും
അരുമയായ്‌ നീയന്നു പിറന്നതും
തെറ്റാത്തൊരുണ്ണിപ്പിറന്നാള്‍ക്കഥ
എന്നും നിനക്കു മുത്തശ്ശിക്കഥ

കഥയായ്‌ നിറഞ്ഞും അലിഞ്ഞും
ഇപ്പൊഴും വൃശ്ചികക്കാറ്റിലമ്മ
അമ്മ മറന്നൊരു നാളുമാത്രം
മറക്കാന്‍ മറക്കാത്തൊരോര്‍മ്മ മാത്രം

(സാകേതം ഓണപ്പതിപ്പ്‌ (2007))



12/05/2009

സീസ്മോഗ്രാഫ്‌















നീ
നീട്ടും കോപ്പയില്‍
നോക്കാതെ
കൈനീട്ടും നേരം
കണ്ടൂ
തിരനോട്ടം
ഇരമ്പവുമിളക്കവും.
എന്നിട്ടും
എന്തുകൊണ്ടാണാവോ
വിരുന്നുചായയില്‍
പതുങ്ങിയ
സുനാമിയെ
എന്റെ മാപനി
രേഖപ്പെടുത്താഞ്ഞത്‌ !

11/05/2009

തീരുന്നേയില്ല....















നിഴലുകള്‍ക്കിടയില്‍
ആത്മാവൊരെണ്ണം
ഉടല്‍ തിരയുകയാണ്‌

ചാഞ്ഞവെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍ മാഞ്ഞും കാണായി

പുനരപിമരണം ഭയന്ന
ദേഹമോ
എന്നേക്കും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞുമിരിപ്പായി

തിരച്ചില്‍ തന്നെയാണ്‌..

10/05/2009

ഏറിയുമിറങ്ങിയുമങ്ങനെ.....















ഏറ്റത്തിലാര്‍ത്തൂ
തടംതല്ലിയലറിക്കരഞ്ഞൂ
ചിരിച്ചൂ മദിച്ചൂ
മുഖംകറുപ്പിച്ചൂ
നെടുവീര്‍പ്പുതിര്‍ത്തൂ

ഇറക്കമാണുള്ളിലേയ്ക്കുള്ളിലേയ്ക്കൊന്നായ്‌
തിരക്കൈകളൊക്കെ
ചുരുക്കിക്കിപ്പിടിച്ചിങ്ങമര്‍ന്നേ കിടപ്പൂ

എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെ വയ്യ

9/05/2009

അലക്ക്‌(ആധുനികാനന്തരം)















ഉരുണ്ടുകൂടുന്നുണ്ട്‌

കനം വെയ്ക്കുന്നുണ്ട്‌
പൊറുതിതരാതെ
ഒന്നാകെ പൊരിച്ചും കരിച്ചും
(പരിചയക്കുറവിന്റെ മണം !)
വളരുന്നത്‌ അറിയുന്നുണ്ട്‌.

തിരിഞ്ഞും മറിഞ്ഞും
കമഴ്‌ന്നും മലര്‍ന്നും
ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും
നീര്‍ക്കോഴിയായി
നിദ്രയില്‍ ‍മുങ്ങാങ്കുഴിയിട്ടും നോക്കി,

കണവനുംകണിയാനും
താന്ത്രികനും മാന്ത്രികനും
മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍
ഒരു മൊഴിയില്‍
ഒരു വാക്കിന്റെ തലകൊയ്യും കവിക്കൂട്ട്‌
അക്കം പക്കംനോക്കി
അടക്കം പറഞ്ഞു
'ലവന്റെ വരവ്‌, വഴിയൊരുക്കുക'

ക്ളിഷെച്ചിരിക്ക്‌ പൂണൂല്‍
കിളിക്കൊഞ്ചലിനു സുന്നത്ത്‌
അതിശയപ്പിറവിയുടെ അണിയറചര്‍ച്ചയില്‍
സംവിധായന്‍ കവി .
മയില്‍ച്ചിറക്‌,കൊറ്റിക്കാല്‍
ഞാറച്ചുണ്ട്‌,കാക്കക്കരച്ചില്‍
കാരണഭൂതന്‍
ഭാവനയില്‍ കഥയിലെ അരയന്നം

എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ..
തിരുപ്പിറവിയോ? തഥൈവ!

വച്ചുമാറിയാലോ തമ്മില്‍?
കാമുകന്റെ റോളില്‍ കവി ഉദാരന്‍.

അങ്ങനെയാണ്‌
അയാള്‍ അലക്കു തുടങ്ങുന്നതും
തലമുറിയന്‍വാക്കുകളില്‍
അവളിലെ കവിതകള്‍
ഒന്നൊന്നായി വെളിച്ചപ്പെടുന്നതും

8/05/2009

പൂശാരിയമ്മന്‍















ഈറന്‍തറ്റും
മേലേ പട്ടും
മാറില്‍ നിറയെ കളഭക്കൂട്ടും
ഉച്ചിയില്‍നില്‍ക്കും നാലിഴമുടിയില്‍
തെച്ചിപ്പൂവും തുളസിക്കതിരും
കണ്ണിലെഴുത്തും
ചുണ്ടില്‍ മുറുക്കാൻചോപ്പും
അരിയും നീരും പൂവും
ഊറ്റം വാളാല്‍ തോറ്റിയുണര്‍ത്തിയ
നെറ്റിയില്‍ മഞ്ഞക്കുറി, കുങ്കുമവും
കോമരമൂഴം കാത്തുകിടന്നൂ
*പൂമിതിയുണരും കോവില്‍വഴിയില്‍.

ഒപ്പാരിന്നല തപ്പുംപറയും
ഒപ്പമുയര്‍ന്നൂ ശംഖുമുഴങ്ങീ
നീറ്റുനെരുപ്പിന്‍ ശയ്യയൊരുങ്ങീ
കാറ്റില്‍ ചെന്തീക്കനലു മിനുങ്ങീ.

കോമരമുള്ളില്‍ പോറ്റിയ പെണ്ണോ
കൂടു വെടിഞ്ഞൂ കൂട്ടുപിരിഞ്ഞോള്‍.

അരമണിയില്‍നിന്നുതിരും ചിരിയായ്‌
വിറവാള്‍മുറിവില്‍ മഞ്ഞള്‍ത്തണുവായ്‌
പൂമിതി താണ്ടും കാലിനു വിരിയായ്‌
ചൂടും വേവുമകറ്റും കുളിരായ്‌
കോപം വിത്തായ്‌ പാകീട്ടൊപ്പം
താപമണയ്ക്കാന്‍ വേപ്പിലയായോള്‍
എന്നും തുണയായ്‌ കൂടെ നടന്നോള്‍
നിന്നൂ കോവില്‍വഴിയില്‍ത്തനിയേ

ആടികറുത്തുതിമര്‍ത്തൊരുരാവില്‍
കൂടിയതാണവള്‍ തുണയായൊപ്പം
കോമരമന്നൊരു ചേക്കിടമായീ
കോവിലൊരുങ്ങീ കുംഭമൊരുങ്ങീ
വെളിപാടായീ കല്‍പ്പനയായീ
വഴിയായ്‌ നേര്‍ച്ചകള്‍,കാഴ്ച്ചകളായീ
പൊങ്കല്‍നാളിലുടുക്കും പാട്ടും
പൊന്തീ തകിലടി നാദസ്വരവും
രാവിലൊരുങ്ങീ പൂമിതി
ഭക്തനു നോവറിയാതെ നടത്തീ ദേവി
കനലിന്‍മേലേ കനിവിന്‍ വിരിയായ്‌
കാലടി തഴുകിക്കാത്തൂ ദേവി

എങ്കിലുമൊരുനാളൊരുവെളിപാടി-
ന്നൂറ്റമടങ്ങിയ നേരത്തൊടുവില്‍
കോവിലിലവളെയുമൊറ്റയ്ക്കാക്കി
കോമരമെന്തേ തിരികെപ്പോയീ?

ചെത്തിപ്പൂവിന്‍ ചോപ്പും മങ്ങീ
വിണ്ണിന്‍ ചെന്തീക്കണ്ണു മയങ്ങീ
ഒപ്പാരിന്നൊലി മെല്ലെയടങ്ങീ
തപ്പുംപറയും തേങ്ങിമടങ്ങീ
എന്നും തുണയായ്‌ കൂടെ നടന്നോള്‍
പൊള്ളും വെയിലില്‍ തണലായ്‌ നിന്നോള്‍
ചേക്കയുടല്‍പോയ്‌ താങ്ങുംപോയോള്‍
നില്‍പ്പൂ കണ്ണീര്‍മഴയില്‍ത്തനിയേ
നില്‍പ്പൂ കാണാമറയില്‍ത്തനിയേ.

*പൂമിതി-മാരിയമ്മന്‍ പൊങ്കല്‍ ഉത്സവനാളിലെ ഒരു ചടങ്ങായ കനല്‍ചാട്ടത്തിനായി ഒരുക്കുന്ന ഇടം. കനല്‍ക്കിടക്കയില്‍ കിടക്കുന്ന ദേവിയാണ്‌ അതില്‍ നടക്കുന്ന ഭകതനെ കാക്കുന്നത്‌ എന്നു സങ്കല്‍പം

7/05/2009

ചരിത്രത്തില്‍നിന്നും ഒരു ചുമടുതാങ്ങി















തറവാടിന്റെ
തെക്കേയതിരില്‍
തലയുയര്‍ത്തി നിന്നിരുന്നു .
വാക്കും വരിയും ചേര്‍ക്കാന്‍ പഠിച്ച്‌
വായിച്ചറിഞ്ഞു ,
'പടിഞ്ഞാറേവീട്ടില്‍ നാണിയമ്മ വക' .

അക്കരെക്കണ്ടത്തിലെ കറ്റയ്ക്കും
അയ്യരുടെ കളത്തിലെ കച്ചിയ്ക്കും
അരിക്കാരിയുടെ ഐയ്യാറെട്ടുവട്ടിയ്ക്കും
വെളുത്തേടന്റെ വിഴുപ്പുകെട്ടിനും
ചക്കാട്ടിയുടെ കൊപ്രച്ചുമടിനും
നേരവും കാലവുമൊത്ത്‌ ഇരിപ്പിടം .
ചിറപ്പാടം ചേറാക്കിയ എരുതിനും
ഊര്‍ച്ചക്കാരനും പെണ്ണിനും
വേര്‍പ്പാറ്റാന്‍, പശിതീര്‍ക്കാന്‍ തണലിടം

കരകാട്ടവും കുമ്മാട്ടിയും
കുട്ടിയും കോലും കിസേപ്പിയും
പുടമുറിയും പുറത്തുമാറലും
കളിച്ചു തളര്‍ന്ന ഇടവേളകളില്‍
ഉപ്പും കാന്താരിയും പച്ചപ്പുളിങ്ങയും
നാവിലെരിവായ്‌ പടര്‍ന്നപ്പോഴും
കുളിര്‍ന്നും ഭയന്നും
കളിക്കൂട്ടുകാരന്‌ കാതോര്‍ത്തപ്പോഴും
പിന്നെയൊരു ഋതുപ്പകര്‍ച്ചയില്‍
കളിമുറ്റം അന്യമായപ്പോഴും
സാക്ഷിയായി അവിടെയുണ്ടായിരുന്നു.

വിശ്രമമില്ലാച്ചുമടുകള്‍
നിരത്തില്‍ പായാന്‍തുടങ്ങിയതും
പെരുന്തടിച്ചൂളകളില്‍
പാടത്ത്‌ ചേറ്‌ ഇഷ്ടികച്ചുമപ്പാര്‍ന്നതും
പുല്ലാനിച്ചുമടുമേന്തി പുഴകടന്ന്‌
പെണ്ണുങ്ങളൂം
വേനല്‍പ്പള്ളസ്വര്‍ണ്ണവെള്ളരികളുമായി
എഴുത്തശ്ശന്‍മാരും
ചാന്തും കണ്‍മഷിയും വില്‍ക്കാന്‍
വളച്ചെട്ടികളും വരാതായതും
പിന്നേയും ഏറെക്കഴിഞ്ഞാണ്‌

പച്ച പടര്‍ന്ന പാളന്‍കല്ലുകളില്‍
ചൊറിയന്‍പുഴുക്കള്‍ കൂടൂകൂട്ടി
ഓര്‍മ്മകളുടെ ഒരു ഇരുണ്ടുവെളുപ്പില്‍
അവശേഷിപ്പികളൂം അടയാളങ്ങളുമില്ലാതെ
എല്ലാം മറഞ്ഞുപോയി .


കശേരുക്കള്‍ ഞെരിയുമ്പോള്‍
ഏതാകാശച്ചുമടും താങ്ങാന്‍ കെല്‍പോടെ
ഉയിര്‍ക്കാറൂണ്ട്‌,
ശൂന്യസ്ഥലികളില്‍
പൊടുന്നനെ
ഒരു ചുമടുതാങ്ങി.

(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ മാര്‍ച്ച്‌ 2009)

6/05/2009

ആറാമത്തെ കാവല്‍ക്കാരന്‍















വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

5/05/2009

അമ്മച്ചുടല

ശിശിരം, നിലാവ്‌, നക്ഷത്രങ്ങള്‍
അതേ ഒറ്റമേഘം
ഗ്രഹസംഗമാവര്‍ത്തനം.
'ശുഭമീ മുഹൂര്‍ത്തം അന്ന്‌ ചെവിയില്‍ നീ മന്ത്രിച്ചു.

നാള്‍ കുറിച്ചവര്‍ ,കറുപ്പിന്റെ ദൈവങ്ങള്‍
ഗ്രഹങ്ങളെ സ്തംഭിപ്പിച്ചവര്‍.
തിരസ്കരണിയില്‍ മറഞ്ഞും ഗൂഢം ചിരിച്ചും
ആസക്തിയില്‍ ആഭിചാരം നടത്തിയവര്‍.
അറിഞ്ഞില്ല നമ്മള്‍
കരുവറയില്‍ ഉരുവായത്‌
ഇരുട്ടിന്റെ ഭ്രൂണമെന്ന്‌.

കാണുന്നു
നിന്റെ വ്യഥിതനേത്രങ്ങള്‍,
നിശ്ശബ്ദസന്ദേശങ്ങള്‍,
ശ്വാസതാളഗതിവേഗം.
പെയ്തൊഴിയാനുള്ള സംത്രാസം,
വരിയുന്ന കൈയ്യുകളെ വിലക്കുക
മൌനത്താല്‍ ചുണ്ടുകളെ മെടയുക
നോവുകളൊക്കെയും അകമേയടക്കുക
അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
തുടരറ്റ പിതൃത്വമായ്‌
തളര്‍ന്ന നീ മുട്ടുമ്പോള്‍
തുറക്കവയ്യ
ഈ വാതില്‍ വിരക്തിയുടെ..
ഈ രാത്രി നിരാസത്തിന്റെ..

' പശ്ചാത്തപിക്കുക
അഥര്‍വ്വത്തിന്റെ തമ്പുരാന്‌ അടിമകിടന്ന
അഭിശപ്തനെച്ചൊല്ലി.
ജനിപ്പിച്ച തെറ്റിനെച്ചൊല്ലി
പ്രാര്‍ത്ഥിക്കുക
അവനുരുവായ ആദിപ്രകൃതിയുടെ
ആവര്‍ത്തനരാത്രിയില്‍
അവനുവേണ്ടി.
അവനു വിലയമരുത്‌
പിറന്നമണ്ണിലും പഞ്ചഭൂതങ്ങളിലും .


കാത്തിരിപ്പുണ്ട്‌

പിറപ്പിന്റെയറയില്‍ അവനായി
കളവും ഒരു പീഠവും

സദൃശമറിയുന്നൂ സദൃശസാന്നിദ്ധ്യം

ആവാഹനവേള.
ആതമദഹനത്തിന്റേയും .


(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ ഡിസംബര്‍ 2008)

4/05/2009

അകത്താര്‌?.. പുറത്താര്‌?

ഇഷ്ടമാണെനിക്ക്‌
സന്ദേശങ്ങളെ .
മേഘം, മയില്‍, അരയന്നം ;
കാവ്യങ്ങള്‍ , കാളിദാസനും .
ഉടലാര്‍ന്ന സന്ദേശമായി
നീ മുന്നിലെത്തുമ്പോള്‍
എന്നിട്ടും ഞാനെന്തു *ജാഗരൂക!

നന്ദി, പ്രിയ എ.എസ്‌ ന്‌ ,കഥയുടെ പീലിക്കെട്ടുഴിഞ്ഞ്‌ ഉണര്‍ത്തിയ വാക്കിനായി.

3/05/2009

മേൽ - വിലാസങ്ങൾ

അവസാനത്തെ അന്തേവാസിയേയും പുറത്താക്കി .

എല്ലാം കഴിഞ്ഞായിരുന്നു കണ്ടത്‌
ഉറക്കറവാതില്‍ മൂലയ്ക്ക്‌ .
ചുമരോടുചേര്‍ന്ന്‌ .
വിരലില്‍ ചുറ്റിയൊട്ടിയിട്ടും
നോവിയ്ക്കാതെ ഇഴവിടുര്‍ത്തി
മുറ്റത്തെ മുല്ലപ്പടര്‍പ്പിലേയ്ക്ക്‌ .

എല്ലാം തയ്യാര്‍ .

അലക്കിവിരിച്ചവ
തേച്ചുമടക്കിയവ
ഊണ്‍മേശ ചൂടാറാതെ
വിരികള്‍ ചുളിയാതെ
അഴുക്കുകൂടയൊഴിഞ്ഞും
പൂപ്പാത്രം നിറഞ്ഞും
അതതിടങ്ങളില്‍.

തറയുടെ മിനുപ്പില്‍ മുഖം നോക്കുന്ന
മേല്‍മച്ചിലെ
കറക്കം നിര്‍ത്തിയ കാത്തിരിപ്പിന്‌
മുഖംമുഷിപ്പ്‌.

''ഒന്നേ ഒന്നിനി ബാക്കി, ഒന്നു ക്ഷമിക്കെ'ന്നു
കണ്ണുചിമ്മി.

ഒട്ടും ഇടപെടാതെ
അകം നേര്‍വരയില്‍ മടക്കി
പുറംവെളുപ്പിലേക്ക്‌

എഴുതുകയാണ്‌.


2/05/2009

സ്വപ്നഭൌതികം

കയറ്റം ഗോവണിയ്ക്കൊപ്പമായിരുന്നു.

കാലിനടിയില്‍ ചവിട്ടുപടിയുടെ കിരുകിരുപ്പ്‌
'എണ്ണിയോ? എത്രാമത്തേതാണു ഞാന്‍?"

കീഴോട്ടും മേലോട്ടും
വെളിപാടിന്റെ നോട്ടപ്പകപ്പില്‍
പൊടുന്നനെ നിലതെറ്റി.

ചലിക്കും യന്ത്രത്തിന്റെ ഛായ പകര്‍ന്നു,

പഴയ തറവാട്ടുമുറ്റത്തേക്ക്‌
തെക്കുവടക്കായി
ആടിയുലഞ്ഞുവീണു,
പൊളിരുകൊണ്ട്‌ പടിയുറപ്പിച്ച
*ആരുപാകി
*പച്ചമുളയേണി.

മുകളിലേയ്ക്ക്‌
പട്ടുപുതപ്പിച്ച
ഞാനും..

* പൊളിര്‌ -പച്ചമുള ചീവിയെടുക്കുന്ന ചരട്‌
*ആര്‌- തൊലിയില്‍ തറയുമ്പോള്‍ വേദനിപ്പിക്കുന്ന, ചീന്തുമുളയുടെ എഴുന്നുനില്‍ക്കുന്ന നാരുകള്‍

2/03/2009

കണ്ടത്‌ കണ്ണെഴുത്താക്കി കേട്ടത്‌ തോടയിലരക്കാക്കി മിണ്ടാതേം പറയാതേം ഒരു ഭാഗത്ത്‌ കുത്തിയിരുന്നോളും എന്നു ധരിച്ചാവും അതിനു പറ്റിയ പേരുമിട്ട്‌ ഒരിടത്തിരുത്തിയത്‌.. .ഒരു വിക്രമാദിത്യന്‍ വരുമെന്നും, 'ഇവളോ അനങ്ങുന്നില്ല നിങ്ങളെങ്കിലും ഒരു കഥപറയെന്റെ കമ്പിറാന്തലേ, കഞ്ചുകമേ, തിരശ്ശീലക്കോറത്തുണിയേ' എന്നൊക്കെ കരയുമെന്നും. ഒടുക്കം ഒരു നുണക്കഥ പറഞ്ഞു പറ്റിക്കാന്‍ നോക്കുമ്പോള്‍ 'നീ ചുമ്മാകേറിയങ്ങു മിണ്ടിക്കോണേ എന്റെ ചുന്തരിക്കോതേ, പുത്തിക്കട്ടേ... ' എന്നും അനുഗ്രഹിച്ച്‌ മാമുതന്നു പേരിട്ടിരുത്തിയോരു പോയി. ആ പോയദന്നെ. പിന്നെ ഒരു വിക്രമനും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. 'കാത്തിരുന്ത്‌ കാത്തിരുന്ത്‌ കാലങ്ങള്‍ പോകുതടീ.. ' എന്നു സിലിമാപ്പടത്തിന്റെ സ്റ്റൈലില്‍ കരയാനൊന്നും മനസ്സില്ലാത്തതുകൊണ്ടും പേരിനെ അന്വര്‍ഥമാക്കുന്നവിധം ഊമയായിരുന്ന് പേരിട്ടവരോടുള്ള കടപ്പാട്‌ ഒടുക്കേണ്ട ആവശ്യമുണ്ടെന്നു തോന്നാത്തതുകൊണ്ടും, 'എങ്കിലോ പണ്ട്‌... എന്നു മെല്ലെ തുടങ്ങിക്കളയാമെന്നു വെച്ചു.
ന്നാപ്പിന്നെ തൊടങ്ങ്വല്ലേ കൂട്ടരേ?.. .
?

1/28/2009



ജ്യോതിബായ്‌ പരിയാടത്ത്‌

1965 ഏപ്രിൽ 26നു പാലക്കാട്‌ ജില്ലയിലെ നെന്മാറയിൽ ജനനം.
അച്ഛൻ അന്തിക്കാട്‌ പുഴുകോവിലകത്ത്‌ കൃഷ്ണപ്പണിക്കർ.
അമ്മ നെന്മാറ പരിയാടത്ത്‌ സത്യഭാമ അമ്മ.
പഴയഗ്രാമം എൽ.പി സ്കൂൾ, നെന്മാറ ഗവ ഗേൾസ്‌ ഹൈസ്കൂൾ,
നെന്മാറ എൻ.എസ്‌.എസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം.
രസതന്ത്രത്തിൽ ബിരുദം.സോഷ്യോളജി യിൽ ബിരുദാന്തര ബിരുദം
ഭർത്താവ്‌ കെ. ജനാർദ്ദനൻ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പാലക്കാട്‌).
മക്കൾ രാഹുൽ ,അതുൽ

ആദ്യകൃതി ,പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മഥാഖ്യാനം 2006 ൽ പുറത്തിറങ്ങി..

'മയിലമ്മ ,പോരാട്ടമേ വാഴ്കൈ' എന്ന പേരിൽ ഈ കൃതി തമിഴിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു.
മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവർത്തനം (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌) 2008 ൽ പ്രസിദ്ധീകരിച്ചു.

പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 ൽ പ്രസിദ്ധീകരിച്ചു.

ബ്ലോഗുകൾ:
http://jyothiss.blogspot.com/ ( ജ്യോതിസ്സ്‌- കവിതകളും വിവർത്തനങ്ങളും)
http://kavyamsugeyam.blogspot.com/ (കാവ്യം സുഗേയം- കാവ്യാലാപന ബ്ലോഗ്‌)



വിലാസം:
ജ്യോതിബായ്‌ പരിയാടത്ത്‌
18/284,അതുല്യ,
സിവിൽ സ്റ്റേഷന്‌ പിൻവശം,
പാലക്കാട്‌ -678001

1/27/2009

പേശാത്തവൾ പേശുമ്പോൾ

Dr.കെ.സച്ചിദാനന്ദൻ


ഇന്ന്‌ മലയാളത്തിൽ എഴുതപ്പെടുന്ന കവിതകളിൽ നിന്ന്‌ അനുഭവതലത്തിലും ഭാഷാതലത്തിലും വ്യത്യാസം പുലർത്തുന്നവയാണ്‌ ജ്യോതീബായിയുടെ കവിതകൾ. സാമൂഹ്യ യാഥാർത്ഥ്യത്തിനു നേരെ തുറന്നു പിടിച്ച കണ്ണുകളൂം എഴുതിപ്പഴകിയ ശൈലിയ്ക്കെതിരേ ജാഗ്രത പുലർത്തുന്ന കാവ്യബോധവും വൈകി സംസാരിച്ചുതുടങ്ങിയ ഈ കവിയെ വ്യത്യസ്തയാക്കുന്നു. ജ്യോതീബായിയെ ഞാനറിയുന്നത്‌ അവർ മനോഹരമായി ചൊല്ലിയ മലയാളകവിതകളിലൂടെയാണ്‌. കാവ്യബോധവും സംഗീത ബോധവും സമന്വയിയ്ക്കുന്ന ആ ആലാപനങ്ങൾ എന്നെ ആകർഷിച്ചു. പിന്നീടാണ്‌ ജ്യോതിയുടെ കവിതകൾ കാണാനിട വന്നത്‌.
'പേശാമടന്ത'യിലെ ആദ്യരചനതന്നെ അവരുടെ ഭാവുകത്വവ്യത്യാസം അടയാളപ്പെടുത്തുന്നുണ്ട്‌. മയിലമ്മയുടെ മരണത്തെത്തുടർന്നെഴുതപ്പെട്ട ഈ കവിത (മയിൽപ്പീലിത്തുറുകണ്ണ്‌) അവരെ സൃഷ്ടിച്ച വംശത്തിന്റെ കഥ ഏതാനും സൂചനകളിലൂടെ പറയുന്നു. രണ്ടു രീതികളിൽ കവിത കാവ്യഭാഷ പുതുക്കുന്നു. ഒന്ന്‌ ഭാഷാകവിതയിൽ കണ്ടിട്ടേയില്ലാത്ത അപൂർവ്വപദങ്ങൾ പ്രയോഗിച്ച്‌ (തവള,പാമ്പുവരിശ,പൊഞ്ചാതി,പൊട്ടച്ചി), മറ്റൊന്ന്‌ പദങ്ങളെ പുതുരീതിയിൽ സമന്വയിച്ച്‌(കൈവളക്കലപില, നിറപ്പുള്ളിച്ചേല,പുലിക്കൺമിനുക്കം, ചേലത്തൊട്ടിൽതാലാട്ട്‌,പുലിക്കാൽപതുക്കം,പീലിക്കൺപെരുക്കം) മയിലാൾ, പാപ്പാൾ, വള്ളി ,മുനിയമ്മ,കണ്ണയ്യൻ, നാകേലൻ തുടങ്ങിയ പേരുകൾ കൂടി ഉചിതമായി വിന്യസിക്കുന്നതോടെ ഈ ഭാഷ ഒരന്തരീക്ഷവും സംസ്കാരവുമായി ഉയരുന്നു. അങ്ങിനെ ഒരു ഗോത്രദുരന്തം അതിന്റെ ഭാഷ കണ്ടെത്തുന്നു.
ഈ കവിതകളുടെ പൊരുൾ ഐറണിയാണ്‌.' പച്ചയുടെ സൗമ്യദംശനം '(പച്ച -ഒരു സവർണ്ണ ഫാസിസ്റ്റ്ദംശനം) തുടങ്ങിയ പ്രയോഗങ്ങളിലൊതുങ്ങുന്നില്ല ഈ വൈരുദ്ധ്യബോധം അലക്കുയന്ത്രം നിലച്ചുപോകുമ്പോൾ പഴയ അലക്കുകാരെ ഓർത്ത്‌ വീട്ടുകാരി പടിയിറങ്ങുമ്പോൾ 'വെളുത്തിരുന്നു' എന്നു പറയുന്നിടത്ത്‌(അലക്ക്‌), അഥവാ വീടെല്ലാം 'കുഞ്ഞിക്കാലടിച്ചെത്തങ്ങൾ' കൊണ്ടു നിറയ്ക്കാം നമുക്ക്‌ എന്നു കിനാക്കാണുമ്പോൾ 'എന്റെവീട്‌? അതോ നിന്റേയോ? '(വീടില്ലാക്കുഞ്ഞുങ്ങൾ) എന്നു അത്ഭുതപ്പെടുന്നിടത്ത്‌ ലൈംഗികത്തൊഴിലാളികളെക്കുറിച്ചു പറഞ്ഞ്‌ കിണറ്റിൽ തൂശി പോയതിനെക്കുറിച്ചുള്ള അമ്മൂമ്മക്കഥയുടെ പ്രഹേളികയിൽ ചെന്നെത്തുമ്പോൾ (പുനരധിവാസം) , ആശുപത്രിയിലെ ഓണക്കള മത്സരത്തിനു മാർക്കിട്ടിറങ്ങുന്നതിനെ ?തർക്കമില്ലാതെ മാർക്കിട്ട്‌ സമ്മാനമുറപ്പിച്ച്‌ മോർച്ചറിപ്പടിയിറങ്ങി' (പൂവുകൾ എഴുതിയ സുവിശേഷം) എന്ന്‌ ആവിഷ്കരിയ്ക്കുമ്പോൾ 'ക്ലിഷേച്ചിരിയ്ക്ക്‌ പൂണൂൽ/കിളിക്കൊഞ്ചലിനു സുന്നത്ത്‌ ' എന്ന്‌ 'അലക്കിൽ എഴുതുമ്പോൾ, പിന്നീട്‌ അലക്കേറ്റെടുത്ത്‌ കവിയായ അയാൾ അവളിലെ കവിതകൾക്ക്‌ വെളിച്ചപ്പെടാനിടം കൊടുക്കുമ്പോൾ(അലക്ക്‌ -ആധുനികാനന്തരം), വിരുന്നുചായയിൽ പതുങ്ങിയ സുനാമിയെ എന്റെ മാപനി രേഖപ്പെടുത്താഞ്ഞതെന്ത്‌?(സിസ്മോഗ്രാഫ്‌)' എന്നു വിസ്മയം കൂറുമ്പോൾ എല്ലാം ഈ ഐറണി ഭിന്നമായ പ്രകാശനസന്ദർഭങ്ങൾ കണ്ടെത്തുന്നു.
നഷ്ടപ്പെട്ടുപോകുന്ന ഒരു പഴയ ലോകത്തെ ഈ കവിതകൾ പലരീതികളിൽ സാക്ഷാത്കരിയ്ക്കുന്നു. ചരിത്രത്തിൽനിന്നും ഒരു ചുമടുതാങ്ങി, പൂശാരിയമ്മൻ, അമ്മപ്പൂതങ്ങൾ തുടങ്ങിയ കവിതകളിൽ ആ ലുപ്താനുഭൂതികൾ അവയുടെ ഭാഷ കണ്ടെത്തുന്നുണ്ട്‌. എന്നാലിത്‌ അന്ധമായ ഗൃഹാതുരത്വമല്ല. 'അമ്മപ്പൂതങ്ങളി'ൽ സഹാനുഭൂതി പറയൻകുന്നും പാറക്കെട്ടും പതുങ്ങാനുള്ള പാഴിടവഴിയും നഷ്ടപ്പെട്ട്‌ കൊയ്ത്തില്ലാത്ത വയൽ കണ്ടു മാറുചുരന്ന്‌ ഊരുതെണ്ടുന്ന പൂതങ്ങളോടാണ്‌. ഉണ്ണികൾക്ക്‌ ഇപ്പോൾ ഈ പൂതത്തെ വേണ്ടാ അവർക്ക്‌ നവജീവിതത്തിന്റെ എത്രയോ കളിപ്പാട്ടങ്ങൾ. ചെത്തിപ്പൂവിന്റെ നിറം മങ്ങിയ, ഒപ്പാരിന്റെ ഒലിയടങ്ങിയ ,തപ്പും പറയും തേങ്ങിമടങ്ങിയ കാവിൻമുൻപിൽ ഇത്ര നാളും തന്റെ കോമരത്തിലൂടെ ആകാരവും ശബ്ദവും തേടി അവന്റെ കാലുകൾ കനൽച്ചൂടിൽ നിന്നുകാത്ത പൂമിതിമാരിയമ്മൻ തുണകെട്ട്‌ ചേക്കേറാൻ ഒരുടലില്ലാതെ ,കോമരമില്ലാതെ കണ്ണീർമഴയിൽ ,കാണാമറയിൽ നിൽക്കുന്നിടത്തുമുണ്ട്‌ ഈ അനാഥഭൂതസാന്നിദ്ധ്യം (പൂശാരിയമ്മൻ). കരകാട്ടം ,കുട്ടിയും കോലും, കിസേപ്പി, സ്വർണ്ണവർണ്ണവെള്ളരികളേന്തിയ എഴുത്തശ്ശന്മാർ, ചാന്തും കൺമഷിയുമായി വരുന്ന വളച്ചെട്ടികൾ , ഇവരൊക്കെ വരാതായിട്ടും ചുമടിറക്കാനായുമ്പോൾ ശൂന്യത്തിൽ നിന്നെന്നപോലെ ഉയർന്നുവരുന്ന ചുമടുതാങ്ങിയെക്കുറിച്ചു പറയുമ്പോഴും ഒരു നഷ്ടലോകം ഉയിർത്തെഴുന്നേൽക്കുന്നു(ചരിത്രത്തിൽനിന്നും ഒരു ചുമടുതാങ്ങി)
ഒതുക്കിപ്പറയാനുള്ള കഴിവുകൊണ്ടും ബിംബങ്ങളുടെ പുതുമ കൊണ്ടും ഭാഷയുടെ ഗ്രാമീണമായ വശ്യതകൊണ്ടും സമൂഹോ?​‍ുഖതകൊണ്ടും ശ്രദ്ധേയമായ കവിതകളുൾക്കൊള്ളുന്ന ഈ സമാഹാരത്തിനും ഗ്രന്ഥകർത്രിക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

'എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെവയ്യ '

എന്നല്ലേ കവി പറയുന്നത്‌

1/26/2009

ശമം വെടിഞ്ഞ വാക്കുകൾ

വിജു നായരങ്ങാടി


കവിത സാധാരണ കേവല വായനയ്ക്ക്‌ വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്‌. കവിതയുടെ ആന്തരസ്ഥലികളിലേക്ക്‌ സംക്രമിക്കുവാൻ ഒരു ജൈവവസ്തുവിനെ പരിചരിക്കുന്ന വഴക്കവും ശ്രദ്ധയും സൂക്ഷ്മതയും വായനക്കാരൻ സൂക്ഷിക്കേണ്ടതുണ്ടെന്ന ബോധം പക്ഷേ പുതിയകാല വായനക്കാരിൽ നിന്ന്‌ അകന്നു പോകുന്നത്‌ നിരന്തരം കാണേണ്ടിവരുന്നു. വായനക്കാരനും കവിതയും തമ്മിലുള്ള പരസ്പരാദാനത്തിന്റെ അളവു കുറയുന്നതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ കവിത പരമ്പരാഗതഘടനയിൽ നിന്ന്‌ വേറിടുന്നതിന്റെ പേരിൽ കവിയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനവും കാണാം.
കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ കവിത പെരുമാറുന്ന വീക്ഷണവഴികളെ പരിശോധിച്ചാൽ മുകളിൽ സൂചിപ്പിച്ച വസ്തുതകൾക്ക്‌ ഉത്തരം ലഭിച്ചേക്കും. തൊണ്ണൂറുകൾ അസ്തമിക്കുന്നതു വരെ നമ്മുടെ കവിതയിൽ പാരമ്പര്യത്തിന്റെ വഴികളും, ചൊല്ലിയുറപ്പിക്കുന്ന കാവ്യസമീപനങ്ങളും, മൊഴിവഴക്കങ്ങളെ കാൽപനികച്ചാരുതയിൽ പ്രതിഷ്ഠിക്കുന്ന രചനാരീതികളും, ഇത്തരം രചനാരീതികളെ തിരിച്ചും മറിച്ചും മാറ്റിപ്പണിയുന്ന കൗതുകങ്ങളും നിരന്തരം വന്നുപോയി. രണ്ടായിരത്തിനു ശേഷം വ്യതസ്തരായ അനേകം പ്രസാധകരുടെ പ്രസാധനസംരംഭങ്ങളിലൂടെ പുറത്തുവന്ന ഏകദേശം എഴുപത്‌-എഴുപത്തഞ്ച്‌ കവിതാപുസ്തകങ്ങൾ നൽകുന്ന പ്രാഥമിക സുചന അത്തരം കൗതുകങ്ങളിൽ നിന്നും മാറിനിൽക്കുന്ന, മാറിനടക്കാനാഗ്രഹിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടെന്നു തന്നെയാണ്‌. ഈ പറഞ്ഞവർ ഏതർത്ഥത്തിലായാലും കവിതയുടെ ക്രാഫ്റ്റിനെ വ്യതിരിക്തമാക്കി നിർത്താനും അതുവഴി വൈയക്തിക അനുഭവങ്ങളെപ്പോലും വ്യക്തിനിരപേക്ഷതലത്തിൽ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നവരാണ്‌. എന്നാൽ കാവ്യഭാവനയുടെ ആകെത്തുകയിൽ അവരുടെ കൃതികളൊന്നും ലാന്റ്മാർക്കുകളാവാതെ പോയതിനു കാരണം കാവ്യകാലമെന്നും ജീവിതകാലമെന്നും തങ്ങൾ എഴുതിയ കാലത്തെ അവർ വേർതിരിച്ചുനിർത്തിയതുകൊണ്ടാണ്‌. രണ്ടായിരത്തിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ ജഡത്വത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു കിഴുക്കാംതൂക്കായ സ്ഥലരാശിയുടെ ഒത്തമുകളിലാണ്‌ നാം നിൽക്കുന്നത്‌. ദർശനസ്പർശങ്ങളിലൂടെ രോഗനിർണ്ണയം നടത്തിയ മഹാവൈദ്യപരമ്പരയിലെ ആൾക്കാരെപ്പോലെ ദർശനസ്പർശങ്ങളിലൂടെ കാലരാശിയേയും സ്ഥലരാശിയേയും രോഗനിർണ്ണയം നടത്തി ചൂണ്ടിക്കാണിക്കുന്ന വൈദ്യവൃത്തിതന്നെയായി കവിത മാറുകയാണ്‌. ഈ മാറ്റത്തെ അറിയുകയും ഉൾക്കൊള്ളുകയുമാണ്‌ പുതിയ കവി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം എന്നു പറയാം. ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്ന കവിതയുടെ ശിൽപത്തെക്കുറിച്ച്‌ ഒരു ഉറച്ച ബോധം കവികളുടെ പക്ഷത്ത്‌ രൂപപ്പെട്ടു വരുന്നുണ്ട്‌. അത്‌ പരമ്പരാഗത വൃത്തബോധത്തെ തിരിച്ചാനയിക്കലോ ചൊൽവടിവുകളിലേക്ക്‌ കേവലം തളച്ചിടലോ അല്ല. മറിച്ച്‌ കവിതയുടെ ശിൽപത്തിലെ സാധാരണത്വത്തിൽ നിന്ന്‌ വ്യതിചലിക്കലാണ്‌. ശിൽപത്തിൽ നിന്നുള്ള വ്യതിചലനം കേവലം ശിൽപത്തിൽ അവസാനിക്കുന്നുമില്ല. അത്‌ ശിൽപത്തിനപ്പുറമുള്ള ഘടകങ്ങളെക്കൂടി സ്വാധീനിക്കുകയും ആഴമേറിയ ഭാവബന്ധങ്ങളായിത്തീരുകയും ചെയ്യുന്നുണ്ട്‌. 'പേശാമടന്ത'യിലെ കവിതകൾ ഇത്തരമൊരു ചർച്ചയെ കേന്ദ്രസ്ഥാനത്ത്‌ കൊണ്ടുവരുന്നു എന്നു പറയുമ്പോൾ ആഹ്ലാദമുണ്ട്‌.

ജീവിതത്തെ സമഗ്രമായി അറിയാനുള്ള വഴി എന്നതായിരുന്നു കവിതയുടെ ജൈവബോധത്തെ എന്നും നിലനിർത്തിപ്പോന്നത്‌. സമൂഹവും വ്യക്തിയും തമ്മിലുള്ള വിടവ്‌ വർദ്ധിച്ചുവരും തോറും ഈ ജൈവബോധം ഏറെക്കുറെ പടിയിറങ്ങി. വ്യക്തിയും സമൂഹവും തമ്മിലുള്ള വിടവ്‌ വർദ്ധിക്കുന്നതിൽ, കവിയുടെ പ്രതിബദ്ധതയ്ക്ക്‌ ഇടപെടാനുള്ള സ്ഥലമൊന്നും ഇക്കാലത്തിലില്ല. കവിയുടെ പ്രതിബദ്ധത ഇവിടെ പ്രവർത്തിക്കുന്നത്‌ വ്യക്തിയിൽ നിന്ന്‌ സമൂഹത്തിലേക്കും, സമൂഹത്തിൽ നിന്ന്‌ വ്യക്തിയിലേക്കും സഞ്ചരിക്കുന്ന ഒരാത്മബോധമായിട്ടാണ്‌. ഈ ആത്മബോധം പുതിയ രചനയേയും പുതിയ വായനയേയും പുതിയ രീതിയിൽത്തന്നെ ചിട്ടപ്പെടുത്തുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഒരു പുതിയ കവിതയും അതിന്റെ വായനയിൽ ഏതെങ്കിലും ഒരു വാക്കിന്റെയോ വാക്കു സൃഷ്ടിക്കുന്ന വ്യവഹാരത്തിന്റെയോ കേന്ദ്രസ്ഥാനത്തെ നിർണ്ണയിക്കുന്നില്ല. എന്നാൽ വാക്കിന്റെ അനന്തസാദ്ധ്യതകളെ സമൂഹവുമായുള്ള ജൈവ/ആത്മബന്ധത്തിലൂടെ അന്വേഷിക്കുകയാണ്‌ ഒരേസമയം രചനയും വായനയും നിർവഹിക്കുന്നത്‌.

പേശാമടന്തയിലുൾപ്പെടുത്തിയിട്ടുള്ള ഇരുപത്തൊന്നോളം കവിതകളും ഈ രീതിയിൽ വാക്കിനെ പൊതിഞ്ഞു നിൽക്കുന്ന അർത്ഥത്തിനപ്പുറത്തേക്ക്‌ സഞ്ചരിക്കുന്നവയും വാക്കിന്റെ യൂണിറ്റുകളിൽ സ്വയം പൊരുതുന്ന ഘടകങ്ങളെ സൂക്ഷിക്കുന്നവയും ആണ്‌.

മനുഷ്യൻ ഭൗതികമായി ആരോഹണം ചെയ്യുമ്പോഴും ആത്മീയമായി അവരോഹണം ചെയ്യുകയാണ്‌. കാരുണ്യത്തിന്റെ അനന്തസ്ഥലികളിൽ പൂത്തുവിടരേണ്ട ജീവിതാവബോധമാണ്‌ ആത്മീയത, കൊട്ടിഘോഷിക്കപ്പെടുന്ന ആൾക്കൂട്ടത്തിന്റെ ഹിസ്റ്റീരിയക്ക്‌ സമാനമായ മാനസിക രോഗമല്ല. ഈ ആത്മീയതയുടെ വഴികളെ സാമൂഹ്യാനുഭവങ്ങളിലേക്കും ശരീരമടക്കമുള്ള വ്യക്ത്യനുഭവങ്ങളിലേക്കും സംക്രമിപ്പിച്ച്‌ ആവിഷ്ക്കരിക്കുന്ന രചനാതന്ത്രമാണ്‌ ഈ കവിതകളിൽ ജ്യോതിബായി പൊതുവെ സൂക്ഷിക്കുന്നത്‌. ഈ കവിതകളുടെ അടരന്വേഷിക്കുമ്പോൾ ആത്മാവും ശരീരവും ദ്വന്ദ്വപരികൽപനകളായി പിരിയുന്നില്ല. ആത്മസ്ഥാനത്ത്‌ സമൂഹവും പ്രകൃതിയും, അവയുടെ ഭൂതകാലനന്മ
കളിൽ തിളങ്ങിനിൽക്കുന്നു. ശരീരം സ്വയം ശരികളെ അന്വേഷിക്കുന്ന, തടവറയിൽപ്പെട്ട പ്രവാഹമായിത്തീരുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ വിരുദ്ധകേന്ദ്രങ്ങളാണിവ. ഈ വിരുദ്ധകേന്ദ്രങ്ങളെ സിംക്രണൈസ്‌ ചെയ്യുന്നിടത്താണ്‌ കവിതയുടെ മർമ്മം എന്നു പറയാം.

എഴുത്തിന്റെ മുഹൂർത്തത്തിൽ മാത്രമെ കവിയുള്ളു. അതിനു മുൻപുള്ളതോ അതിനു ശേഷമുള്ളതോ ആയ കവിയുടെ വൈയക്തികസത്തയോ സാമൂഹ്യസത്തയോ പരിഗണിക്കേണ്ടതില്ല എന്ന് ബാർത്ത്‌ എഴിതുന്നത്‌
‌1968ലാണ്‌. ‌. ഈ കവിതകളുടെ കാര്യത്തിൽ ബാർത്തിന്റെ എഴുത്തുകാരന്റെ മരണമെന്ന നിലപാടിന്റെ പ്രയോഗസാദ്ധ്യത കൂടുതലാണ്‌. ഈ സമാഹാരത്തിലെ ആദ്യത്തെ പന്ത്രണ്ടു കവിതകൾ നിലനിൽക്കുന്നത്‌ എഴുത്തിന്റെ മുഹൂർത്തത്തിലെ കവിയെ പ്രകാശിപ്പിക്കുന്ന തരത്തിലാണ്‌. മയിലമ്മ എന്ന സാമൂഹ്യാനുഭവത്തെയും മയിലമ്മ എന്ന ശരീരാനുഭവത്തെയും തനിക്കുമാത്രം പരിചിതമായ ഒരു സാമൂഹ്യസ്ഥലത്തും സാമൂഹ്യകാലത്തും സൂക്ഷ്മമായ വാക്കാക്കി എറിഞ്ഞു തറയ്ക്കുകയാണ്‌ മയിൽപ്പീലിത്തുറുകണ്ണ്‌. ഇനിയൊരു വാക്കും ചെത്തിമാറ്റാനില്ലാത്തവണ്ണം ഒരോ വാക്കിനേയും മൗനത്തിന്റെ കരിമ്പടം പുതപ്പിച്ച്‌ സ്ഥിതപ്പെടുത്തുക (ജഹമരലാളി​‍ി) യാണിവിടെ. വാക്കിനെ മൗനത്തിന്റെ തോടുടച്ച്‌ വീണ്ടും ചേർത്തുവയ്ക്കുമ്പോൾ അനന്താർത്ഥങ്ങളുടെ ഒരു ലോകം പക്ഷേ വിരിഞ്ഞുവരുന്നതു കാണാം. വ്യാഖ്യാനിയ്ക്കുന്നതിനേക്കാൾ ആസ്വദിക്കാനുള്ള ലോകമായി കവിത മാറുന്നു. ശ്വാസം മുട്ടുന്ന ജീവിതാത്മാക്കളുടെ അന്തിമമായ ആശ്രയസ്ഥാനമായി കവിത മാറുന്നു.

ഈ കവിതകളോരോന്നും വേട്ടയാടലിന്റെയും വികസനത്തിന്റെയും അന്തിമവിശ്രമസ്ഥാനം യുദ്ധമാണെന്ന്‌ നിശ്ശബ്ദമായി പ്രഖ്യാപിക്കുന്നു. ആ യുദ്ധത്തിൽ കവിസ്വത്വം രണ്ടായി പിളർന്ന്‌ നിന്ന്‌ ഏറ്റുമുട്ടലിന്റെ ഘോരാനുഭവത്തെ പങ്കുവെയ്ക്കുന്നെന്നു മാത്രം.

'വിറയ്ക്കും
വലംകൈച്ചെറുവിരലിൽ
പച്ചയുടെ സൗമ്യദംശനം

എന്നെഴുതുന്നിടത്ത്‌ സ്വത്വത്തിന്റെ ഈ പിളർച്ച കാണാം.
'പച്ചയിൽ കൺമിഴിക്ക്‌
മുറിവൊക്കെയും മറക്ക്‌'

ഒരു മുറിവും മറക്കാനുള്ളതല്ലെന്നും ഒരു സ്വപ്നകൗതുകം പോലെ ആത്മാവിന്റെ വിരലിൽ മരതകമോതിരമായി അണിയാനുള്ളതുമാണെന്നും കവി കരുതുന്നു. പച്ച - ഒരു സവർണ്ണ ഫാസിസ്റ്റ്‌ ദംശനം എന്ന തലക്കെട്ടിൽ തെളിയുന്ന കാവ്യലോകം മുതൽ നിരവധി കവിതകളിൽ ഓർമ്മയുടെ, താൻ വിട്ടുപോന്ന പ്രാദേശിക ജീവിതത്തിന്റെ, അവയുടെ നന്മതിന്മകളുടെ, അമർത്തിപ്പിടിച്ചിട്ടും തിളച്ച്‌ പുറത്തുചാടുന്ന 'അരുതായ്കകളുടെ' ലോകങ്ങൾ തിടമ്പേറ്റി നിൽക്കുന്നുണ്ട്‌.

ഒരിണയും ഒരു കാമുകസത്തയും ഈ കവിതയുടെ ജീവസ്സിൽ പറ്റിപ്പിടിച്ചു നിൽക്കുന്നതു കാണാം. പൊതുജീവിതത്തിൽ, അതും ഒരു പെൺകുട്ടിയ്ക്ക്‌ ഇണയും കാമുകനും രണ്ടും രണ്ടാവുന്നു. അതിലൊന്ന്‌ ദമിതം ചെയ്യാൻ അവൾ വിധിക്കപ്പെടുന്നു. പെണ്ണ്‌ കവിയാകുമ്പോൾ അവൾ ഒതുക്കേണ്ടിവരുന്ന ദീർഘനിശ്വാസങ്ങൾ ഈ കവിതകളിൽ ചിതറിക്കിടക്കുന്നുണ്ട്‌. നമ്മുടെ മുതിർന്ന സ്ത്രീകവികൾ ആവിഷ്ക്കരിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമപ്പെട്ട ഈ മണ്ഡലത്തെ ജ്യോതിബായി നിദ്രാടനത്തിന്റെ ഭയസൗന്ദര്യങ്ങൾ നൽകി പല കവിതകളായി വിന്യസിച്ചിരിക്കുകയാണ്‌. ശരീരത്തെയും മനസ്സിനെയും എതിർശക്തികളായോ എതിർധ്രുവങ്ങളായോ സങ്കൽപിക്കാതെ ഒന്ന്‌ മറ്റൊന്നിലേക്ക്‌ കയറിയും ഇറങ്ങിയും സഞ്ചരിക്കുന്ന, അദൃശ്യമായ ഒരൂഞ്ഞാലിനെയെന്നപോലെയാണ്‌ കവിത പരിചരിക്കുന്നത്‌. അതുപോലെ പരസ്പരം വികർഷിക്കുന്നു എന്നു തോന്നുന്ന, അർത്ഥത്തിന്റെ ചെറിയ ചെറിയ രൂപകങ്ങൾ ഈ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളുടെയും പൊതുസ്വഭാവമാണ്‌. ഈ വികർഷണത്തിന്റെ സംഘർഷമാണ്‌ കാവ്യവായനയിൽ പുതിയ രീതികൾ അനുസരിയ്ക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നത്‌. ഭാഷയ്ക്കകത്ത്‌ നിർമ്മിക്കപ്പെട്ട പാഠപരതയാണ്‌ കൃതി എന്നതിനാൽ പുറത്തുനിന്ന്‌ ഒന്നും കവിതയ്ക്കകത്തേക്ക്‌ പ്രവേശിപ്പിക്കേണ്ടിവരുന്നില്ല. കവിത, അവയുടെ ഘടകങ്ങളാൽ സ്വയം രൂപം പ്രാപിയ്ക്കുകയും വാക്കി൹ പുറത്തുള്ള റഫറൻസുകളെ നിഷേധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും അത്രയൊന്നും ലളിതമല്ലെന്നും തോന്നാം. ലളിതം എന്നത്‌ ഒരു ഗുണമല്ല, ദുർഗ്രഹതയെന്നത്‌ ഒരു ദോഷവുമല്ല. ഈ ദ്വന്ദ്വത്തിനിടയിൽ സംഭവിക്കുന്ന കവിതയുടെ ജൈവമണ്ഡലത്തിന്റെ സ്ഥാനം വായനയെ മുഷിയാതെ ശ്രദ്ധിക്കുന്നുണ്ട്‌. എന്താണ്‌ പറഞ്ഞത്‌ എന്നല്ല, എന്താണ്‌ മൗനത്തിൽ പൊതിഞ്ഞിരിക്കുന്നത്‌ എന്നതിനെക്കുറിച്ചുള്ള അന്വേഷണമായി കവിത മാറുന്നു.

ഈ അന്വേഷണത്തിൽ ഒരോ വാക്കിനു പിന്നിലും തീവ്രമായ അനുഭവമുണ്ടെന്ന്‌ വാക്കുകൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. 'മേൽ-വിലാസങ്ങൾ' എന്നൊരു രചനയുണ്ട്‌ ഇതിൽ. കവിതയിൽ ആഖ്യാതാവിന്‌ വന്നുഭവിക്കുന്ന സ്ത്രീസ്വരം ശ്രദ്ധിക്കുക. വാക്കുകളുടെ തെരഞ്ഞെടുപ്പിലും വിന്യാസക്രമത്തിലും ജ്യോതി സൂക്ഷിക്കുന്ന കൃത്യതയാണ്‌ 'മേലും' 'വിലാസ'വും രണ്ടും രണ്ടാണെന്ന പെണ്ണനുഭവത്തിലേക്ക്‌ നയിക്കുന്നത്‌. ഈ കവിതയിലെ ഒറ്റവാക്കും പുരുഷപക്ഷാനുഭവത്തെ പ്രതിനിധീകരിക്കുന്നില്ല. മറിച്ച്‌ സ്ത്രീയെ നിരന്തരമായി പ്രകാശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദളിത/മധ്യവർഗ്ഗ/ഉപരിവർഗ്ഗ വിഭജനങ്ങൾക്കൊന്നും പ്രസക്തിയില്ലാത്ത വിധം സ്ത്രീയെന്നും സ്ത്രീസത്തയെന്നും സ്ത്രീയനുഭവമൻന്മ്‌ വാക്കുകൾ നിരന്തരം ഹാജർ രേഖപ്പെടുത്തുന്നു. യാന്ത്രിക ജീവിത കർമ്മത്തിൽ രതി പോലും യാന്ത്രിക കർമ്മമായി മാറുന്ന, മുഷിഞ്ഞ മുഖത്തിനു നേരെയുള്ള കടമകഴിക്കലായി മാറുന്ന മരവിപ്പിനെ മറികടക്കുന്നത്‌ സർഗ്ഗാത്മകതയുടെ ഒളിയിടം തെരഞ്ഞുപിടിച്ചിട്ടാണ്‌. പാതിയിലെവിടെയോ മുറിച്ചെറിഞ്ഞ ഒരു പ്രണയം ഇന്ദ്രിയം ചോരവാർക്കും പോലെ സർഗ്ഗാത്മകതയുടെ ഒളിയിടങ്ങളിൽ കവിയെ കാത്തിരിക്കുന്നുണ്ട്‌. അവിടെയെത്തുമ്പോൾ നിരസിച്ചെറിഞ്ഞ ഈ പ്രണയം കടമ്പു പൂക്കും പോലെ പൂവിടും; ദമിതമാക്കപ്പടുന്ന, അപമാനവീകരിക്കപ്പെടുന്ന രതി സ്വാതന്ത്ര്യപ്രഖ്യാപനം പോലെ ഉത്സാഹഭരിതമായി പെരുമാറുകയും ചെയ്യുന്നുണ്ട്‌.
'ഒട്ടും ഇടപെടാതെ
അകം നേർവരയിൽ മടക്കി
'പുറംവെളുപ്പിലേക്ക്‌'

കവിത അവസാനിക്കുന്നത്‌ 'എഴുതുകയാണ്‌' എന്ന്‌ അവിരാമ ചിഹ്നത്തോടെയാണ്‌. എഴുത്ത്‌/രതി കേവലകർമ്മമായി, ആഹ്ലാദവും നിറവും കെട്ട്‌ അഴുകുന്ന ആത്മസ്വത്വത്തെ നിസ്സഹായതയിൽ അമർത്തിപ്പുണരാൻ പ്രേരിപ്പിക്കുന്ന ഒന്നായിത്തീരുന്നു. കവിതയുടെ ലോകങ്ങളിൽ മനുഷ്യൻ ആത്മാവിൽ നഗ്നരായിത്തീരുന്നത്‌ ഇങ്ങനെയാണ്‌.
ഈ കവിതകൾക്കകത്ത്‌ പലയിടത്തും കവി ജീവിതത്തിൽ നിന്നും പറിച്ചുനട്ട ഒരു കളിക്കൂട്ടുണ്ട്‌. ഈ കളിക്കൂട്ടിനെ തീവ്രമായി സ്നേഹിക്കുകയും രൂക്ഷമായി വെറുക്കുകയും ആഴമറിയാത്ത പ്രണയത്തിൽ മുക്കിക്കളയുകയും അതികഠിനമായി നിരസിക്കുകയും ചെയ്യുന്നതിൽ ജ്യോതിയിലെ കവിസ്വത്വം അപാരമായ ആനന്ദം കണ്ടെത്തുന്നുണ്ട്‌. തന്റെ വെർബൽ എക്സപ്രഷൻസ്‌ മുഴുവനും ഈ കളിക്കൂട്ടിനോടുള്ളതാണെന്ന്‌ ഈ കവിതകളുടെ ഏതോ ഒരടരിൽ നിന്ന്‌ എനിക്ക്‌ വായിച്ചെടുക്കാനാവുന്നുണ്ട്‌. അയാൾ രമണരൂപിയായ മരണം തന്നെയാണ്‌. മൃത്യു ഒരു വാഞ്ച്ഛപോലെ മിക്കവാറും എല്ലാ കവിതകളുടെയും വരികൾക്കിടയിലുണ്ട്‌.

'എണ്ണിയോ? എത്രാമത്തേതാണു ഞാൻ?
കാലിനടിയിൽ ചവിട്ടുപടിയുടെ കിരുകിരുപ്പ്‌'

എന്ന ചോദ്യം മനസ്സിലൊന്നാവർത്തിക്കുക. കവിത പിന്നീട്‌ അനന്തമായി സംസാരിച്ചുകൊണ്ടിരിക്കും. സ്വത്വരാഷ്ട്രീയത്തിന്‌ വ്യക്ത്യതീത ജീവിതം മാത്രമല്ല ഊന്നായിത്തീരുന്നത്‌, മറിച്ച്‌ വൈയക്തിക ജീവിതത്തിലെ ആഴം പിടിതരാത്ത അനുഭവങ്ങളുടെ കയങ്ങൾക്കുമാവും എന്ന്‌ സ്വപ്നഭൗതികം മറുപടി പറയും. കവിതയിലെ സ്വത്വരാഷ്ട്രീയം അമർന്നു പഠിയ്ക്കേണ്ട വിഷയങ്ങളിലൊന്നാണെന്ന്‌ നമുക്ക്‌ ബോധ്യമാവുകയും ചെയ്യും.

ചിലകാലങ്ങളിലെ ചില പ്രസ്താവങ്ങൾ സത്യവും ചില പ്രസ്താവങ്ങൾ അസത്യവുമായി മനസ്സിലാക്കപ്പെടുന്നു. ഈ മനസ്സിലാക്കലിന്റെ നിയമങ്ങളായിരുന്നു ഫുക്കോവിന്‌ വ്യവഹാരവിശകലനം. കവിത അതിന്റെ സർഗ്ഗാത്മക നിയമങ്ങൾക്കകത്ത്‌ സൃഷ്ടിക്കുന്ന ജ്ഞാനരൂപങ്ങൾക്കും ഇത്‌ ബാധകമാണ്‌. അലക്ക്‌ എന്നൊരു കവിതയും അലക്ക്‌ (ആധുനികാനന്തരം) എന്നൊരും കവിതയും ഇതിൽ കാണാം. ഈ കവിതകളിലെ ഏതു പ്രസ്താവമാണ്‌ ഈ കാലത്ത്‌ സത്യമായിത്തീരുന്നത്‌; ഏതു പ്രസ്താവമാണ്‌ അസത്യമായിത്തീരുന്നത്‌? 'മുറിച്ചിട്ട ഗൗളീവാക്കുകൾ' എന്ന്‌ വാക്കിനെ മൂർച്ചയുള്ള ഒരായുധം പോലെ തൊടുത്തുനിർത്തി സ്വന്തം ഉരസ്സിലേക്ക്‌ പ്രയോഗിക്കുമ്പോൾ ഉതിരുന്ന നിണം പോലെ, പ്രസ്താവങ്ങൾ, കവിതകളായി രൂപാന്തരപ്പെടുന്നത്‌ ഇവിടെ കാണാം.

കവിതയിൽ അനുഭവത്തിന്‌ സാന്ദ്രതയേറുമ്പോൾ വാക്കുകൾക്ക്‌ ചിറകു മുളയ്ക്കുന്ന പ്രതീതിയുണ്ടാവും. വാക്കുകൾ വാക്കുകളായല്ല, ഒരോ വ്യവഹാരലോകങ്ങളായി മാറും. സാമൂഹ്യപ്രക്രിയയിൽ സജീവമായി പങ്കെടുക്കുന്ന ചിന്തയായി പരിണമിക്കും. ഒരു യുഗത്തിന്റെ ചരിത്രമെഴുതുമ്പോൾ ആ യുഗത്തിന്റെ പ്രമാണശേഖരവുമായി ഗാഢമായ പരിചയം സ്ഥാപിച്ച്‌ അത്തരം ചിന്തകൾക്ക്‌ ആധികാരികത ചമയ്ക്കും. 'ചുമടുതാങ്ങി'യെന്ന ബാഹ്യയാഥാർത്ഥ്യത്തെ ക്രമബദ്ധമായ ഭാഷയിൽ നിലനിർത്തുകയും ഈ ബാഹ്യയാഥാർത്ഥ്യത്തെ ഭാഷയിലൂടെ പ്രതിനിധാനം ചെയ്യുകയും ചെയ്യും. അതിനെ ചരിത്രവൽക്കരിക്കാനുള്ള തീവ്രമായ ശ്രമം അതിന്റെ ഭാഗമാവുകയും ചെയ്യും. 'ചരിത്രത്തിൽ നിന്ന്‌ ഒരു ചുമടുതാങ്ങി'യിൽ കവിത അതിന്റെ സുവ്യക്തമായ രാഷ്ട്രീയ ബോധം കൂടി വെളിപ്പെടുത്തുന്നുണ്ട്‌. മനുഷ്യന്റെ വേട്ടയുടെ രൂപവും ഭാവവും മാറിമാറി വരുന്നുവേന്നും ലോകത്തെ ഏറ്റവും വലിയ വിപത്ത്‌ സംസ്കാരമില്ലാത്തവന്റെ കൈയ്യിലെ സമ്പത്താണെന്നുമുള്ള നിശ്ശബ്ദനിരീക്ഷണത്തിലൂടെ, പഴമയുടെ തെളിമ കാണിച്ചുതന്നുകൊണ്ട്‌ നന്മ കെട്ടുപോകുന്ന കാലത്തിലേക്ക്‌ കവിതയെ പ്രക്ഷേപിക്കുകയാണ്‌ ജ്യോതി ചെയ്യുന്നത്‌. അക്ഷരങ്ങളെല്ലാം അനവസരത്തിൽ ചവച്ചു തുപ്പുന്നവയായി തീർന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ ഉചിതാക്ഷരസംവിധാനം കവിതയാവുന്നു എന്ന തോന്നലുണ്ടാക്കാൻ പോലും ശക്തമാണ്‌ ഈ രചന. നാഗരികം എന്നയർത്ഥത്തിലുള്ളതു മുഴുവൻ വിനാശകാരിയാണെന്ന്‌ ആദ്യം പറഞ്ഞുവെച്ചതു വിദൂരനിലൂടെ വ്യാസനാണ്‌. മനുഷ്യജീവിതത്തിൽ നമ്മുടെ പ്രഖ്യാതവികസനത്തിനുള്ള പങ്ക്‌ ഇനിയും പഠിയ്ക്കപ്പെടേണ്ടതാണ്‌.

പ്രപഞ്ചഘടനയിൽ ഒരു പുല്ല്‌ നശിപ്പിക്കപ്പെടുമ്പോൾ പോലും പ്രത്യാഘാതമുണ്ടാകുന്നുണ്ടെന്ന്‌ ഇക്കോളജി നമ്മോടു പറയുന്നു. സമൂഹഘടനയിൽ സംഭവിക്കുന്ന ഏതൊരു ഋണാത്മകചലനവും ജ്യോതിയുടെ മനസ്സിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്‌ സ്വകാര്യാനുഭവത്തിന്റെ ചൂളയിലൂടെ കവിതയായി പുറത്തുവരുന്നത്‌. അതിലോലമായ പ്രണയാനുഭവവും അതികഠിനമായ സാമൂഹ്യദുരന്തവും ഒരേയളവിൽത്തന്നെയാണ്‌ പ്രവർത്തിയ്ക്കുന്നത്‌. അതല്ലെങ്കിൽ 'ശിവം' പോലൊരു കവിത അസാദ്ധ്യമാണ്‌. പ്രണയാനുഭവം പോലെ സ്വപ്നസന്നിഭമായ ജീവിതാനുഭവങ്ങളെ കവിതയുടെ കേന്ദ്രസ്ഥാനത്തുനിർത്തി പങ്കാളിയുടെ ഹൃദയത്തിലേക്ക്‌ അസ്ത്രമൂർച്ചയോടെ സന്നിവേശിപ്പിക്കൽ ഇക്കാലത്ത്‌ എളുപ്പമല്ല. ഡമരുവിന്റെ താളം കവിതയുടെ ശാബ്ദികതലത്തിൽ ലയിപ്പിച്ചു നിർത്തി വായനയുടെ പുണ്യമായിത്തീരുന്നു, ഈ രചന.

പൊതുമണ്ഡലത്തിലെ സ്ത്രീ എന്നും പേശാമടന്തയാണ്‌. ചലനങ്ങളിൽ നിന്നു പോലും രാഷ്ട്രീയം ചോർത്തിക്കളഞ്ഞ, മിണ്ടുന്ന പ്രക്രിയ മറന്നുപോയ ശ്വസിക്കുന്ന യന്ത്രം. എന്നാൽ, സർഗ്ഗാത്മകതയുടെ അഗ്നി വന്നു തൊടുന്ന നേരത്ത്‌ അവളിലെ മുനി തന്നെ പൊതിഞ്ഞിരിക്കുന്നവയെ ക്ഷണനേരത്തേക്ക്‌ കുടഞ്ഞു തെറിപ്പിക്കുന്നു. സർഗ്ഗാത്മകതയുടെ അഗ്നിസ്പർശം പിൻവലിയുമ്പോൾ അവൾ സമൂഹത്തിനു മുൻപിൽ വീണ്ടും പേശാമടന്തയാവുന്നു. ഒരു ആയുഷ്ക്കാലത്തിൽ എത്ര കുറച്ചു നേരം മാത്രമാണ്‌ അവൾ പേശുമടന്തയാവുന്നത്‌. പേശുമ്പോൾ പക്ഷെ അവൾക്ക്‌ കണ്ണീരും ഗദ്ഗദവും ഇല്ല. സ്വത്വ/വർഗ്ഗ/വർണ്ണ/ലിംഗ ഭേദങ്ങളില്ല. പേശുമ്പോൾ പക്ഷെ അവളിലെ അമ്മയും ആർദ്രതയും മാത്രം ഉണർന്നിരിക്കുന്നു.

കവിതയിന്ന്‌ ഒരായുധത്തിനും മറ്റൊരായുധത്തിനും ഇടയിലുള്ള ഇടവേളയാണ്‌. വാക്കുകൾ ശമനങ്ങളെക്കുറിച്ചല്ല ഉച്ചരിക്കേണ്ടത്‌. പൊള്ളിക്കുന്ന സത്യങ്ങളെക്കുറിച്ചാണ്‌. അത്തരം സത്യങ്ങൾക്ക്‌ പൊതുമണ്ഡലം കാവൽ നിൽക്കുകയില്ല. കവി തന്നെ കാവലാൾ. ഒരു കവി, ജ്യോതിബായി ; അത്തരമൊരു കാവലിന്റെ കനലിൽ ചവിട്ടി നിന്നുകൊണ്ട്‌ അക്ഷരങ്ങൾ ഉച്ചരിക്കുന്നു. കാലം ഈ ഉച്ചാരണങ്ങളിലെ സത്യവും അസത്യവും വേർതിരിക്കാതിരിക്കില്ല. വേർതിരിവിന്റെ കള്ളികളിൽ ലഭിക്കുന്നവ ഏതായിരുന്നാലും കവി എന്ന കള്ളിയിൽ ജ്യോതിയുണ്ടാവും.

അക്ഷരത്തിന്റെ സത്യം നൽകുന്ന സൂചനയാണത്‌.

വിജു നായരങ്ങാടി
അധ്യക്ഷൻ
മലയാള വിഭാഗം
ടി.എം. ഗവൺമന്റ കോളേജ്‌
തിരൂർ

1/05/2009

പേശാമടന്ത-പ്രകാശനം- Photos


പുസ്തകപ്പുറംതാള്‍- ഷാനവാസ്‌ എം എ
പ്രസാധകര്‍- ഫേബിയന്‍ മാവേലിക്കര
കവര്‍ പേജ്‌ ഫോട്ടോ - മനോജ്‌ പിലാക്കാട്ട്‌

മഹാകവി അക്കിത്തത്തിനു പുസ്തകം നല്‍കിയപ്പോള്‍..



അവതരണം -ആര്യ

വേദിയിലേയ്ക്ക്‌ സ്വാഗതം..
സുഭാഷ്ചന്ദ്രന്‍, രാധാകൃഷ്ണന്‍ നായര്‍
ശിവകുമാര്‍ അമ്പലപ്പുഴ,ആഷാമേനോന്‍ , വിനീത




വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
ഒടുവില്‍കരിന്തിരിയാളുമാനേരവും
പ്രാരംഭം - ഉണ്ണിമായ -കവിത-ദീപാവലികള്‍ വരും പോകും..)



സ്വാഗതം- ടി ആര്‍ അജയന്‍
(ആലോചനാസാഹിത്യവേദി പ്രസിഡണ്ട്‌)

5.30 pm 01-05-2009
പുസ്തകപ്രകാശനവേദി- എം. ഡി രാമനാഥന്‍ ഹാള്‍
ചെമ്പൈ സ്മാരക സംഗീത കോളേജ്‌ പാലക്കാട്‌

അമ്മ(മൂന്നാമത്‌)

അദ്ധ്യക്ഷന്‍ പി. എ. വാസുദേവന്‍ .

പുസ്തകപരിചയം - എന്‍ രാധാകൃഷ്ണന്‍നായര്‍
(കേരളകലാമണ്ഡലം മുന്‍ സെക്രട്ടറി- കലാഭാഷ ചീഫ്‌ എഡിറ്റര്‍)

പുസ്തകപ്രകാശനം



മുഖ്യപ്രഭാഷണം- ആഷാമേനോന്‍

പരിപ്രേക്‌ഷ്യം- സുഭാഷചന്ദ്രന്‍


ശ്രീകുമാര്‍ കരിയാട്‌- കവിത- പൂശാരിയമ്മന്‍

സെബാസ്റ്റ്യന്‍- കവിത ചരിത്രത്തില്‍ നിന്ന്‌ ഒരു ചുമടുതാങ്ങി

ആശംസ-ശിവകുമാര്‍ അമ്പലപ്പുഴ-കവിത ശിവം


ആശംസ- പി. എ രമണീഭായ്‌ -
(മുന്‍ ചെയര്‍പേഴ്സണ്‍പാലക്കാട്‌ നഗരസഭ)

ആശംസ-വിജു നായരങ്ങാടി (പുസ്തകപഠനം)

എങ്കിലുമിരമ്പാതെ വയ്യ.....
(കവിത-ഏറിയുമിറങ്ങിയുമങ്ങനെ.. )

മറുപടി