5/05/2009

അമ്മച്ചുടല

ശിശിരം, നിലാവ്‌, നക്ഷത്രങ്ങള്‍
അതേ ഒറ്റമേഘം
ഗ്രഹസംഗമാവര്‍ത്തനം.
'ശുഭമീ മുഹൂര്‍ത്തം അന്ന്‌ ചെവിയില്‍ നീ മന്ത്രിച്ചു.

നാള്‍ കുറിച്ചവര്‍ ,കറുപ്പിന്റെ ദൈവങ്ങള്‍
ഗ്രഹങ്ങളെ സ്തംഭിപ്പിച്ചവര്‍.
തിരസ്കരണിയില്‍ മറഞ്ഞും ഗൂഢം ചിരിച്ചും
ആസക്തിയില്‍ ആഭിചാരം നടത്തിയവര്‍.
അറിഞ്ഞില്ല നമ്മള്‍
കരുവറയില്‍ ഉരുവായത്‌
ഇരുട്ടിന്റെ ഭ്രൂണമെന്ന്‌.

കാണുന്നു
നിന്റെ വ്യഥിതനേത്രങ്ങള്‍,
നിശ്ശബ്ദസന്ദേശങ്ങള്‍,
ശ്വാസതാളഗതിവേഗം.
പെയ്തൊഴിയാനുള്ള സംത്രാസം,
വരിയുന്ന കൈയ്യുകളെ വിലക്കുക
മൌനത്താല്‍ ചുണ്ടുകളെ മെടയുക
നോവുകളൊക്കെയും അകമേയടക്കുക
അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
തുടരറ്റ പിതൃത്വമായ്‌
തളര്‍ന്ന നീ മുട്ടുമ്പോള്‍
തുറക്കവയ്യ
ഈ വാതില്‍ വിരക്തിയുടെ..
ഈ രാത്രി നിരാസത്തിന്റെ..

' പശ്ചാത്തപിക്കുക
അഥര്‍വ്വത്തിന്റെ തമ്പുരാന്‌ അടിമകിടന്ന
അഭിശപ്തനെച്ചൊല്ലി.
ജനിപ്പിച്ച തെറ്റിനെച്ചൊല്ലി
പ്രാര്‍ത്ഥിക്കുക
അവനുരുവായ ആദിപ്രകൃതിയുടെ
ആവര്‍ത്തനരാത്രിയില്‍
അവനുവേണ്ടി.
അവനു വിലയമരുത്‌
പിറന്നമണ്ണിലും പഞ്ചഭൂതങ്ങളിലും .


കാത്തിരിപ്പുണ്ട്‌

പിറപ്പിന്റെയറയില്‍ അവനായി
കളവും ഒരു പീഠവും

സദൃശമറിയുന്നൂ സദൃശസാന്നിദ്ധ്യം

ആവാഹനവേള.
ആതമദഹനത്തിന്റേയും .


(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ ഡിസംബര്‍ 2008)

11 comments:

 1. ജ്യോതി ടീച്ചറെ...

  വളരെ ശക്തമായ, മുരുക്കമുള്ള വരികള്‍...
  നല്ല ആശയം

  ഉപാസന

  ReplyDelete
 2. ആശംസകൾ ഈ കരുത്താർന്ന വരികൾക്ക്‌

  ReplyDelete
 3. i liked this..too high std to be understud..:-S

  ReplyDelete
 4. “അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
  തുടരറ്റ പിതൃത്വമായ്‌
  തളര്‍ന്ന നീ മുട്ടുമ്പോള്‍
  തുറക്കവയ്യ“


  വളരെ നന്നായിട്ട് എഴുതിയിട്ടുണ്ട്, ഈ ‘മനസിലാകും കവിത‘.

  ReplyDelete
 5. ഒന്നു പറയാന്‍ വിട്ടു. ഇത്തരത്തില്‍ ഒരു ഭ്രാന്തിന്‍ ചുടലയെ ഞാന്‍ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. അതാണ് അനുരാധ.അനുരാധ വിടെ ഉണ്ട്

  ReplyDelete
 6. ജ്യോതിസ്
  സ്വന്തം മകന്റെ മയ്യത്തുപോലും വേണ്ടാ എന്നു നിലവിളിക്കൂന്ന അമ്മമാര്‍ ...
  നന്മക്കുവേണ്ടിയുള്ള പോരാട്ടത്തില്‍-
  എല്ലാം നഷ്റ്റ്പ്പെടുന്ന അമ്മമാര്‍..
  പശ്ചാത്തപിക്കാന്‍ മാത്രമോ..
  പ്രാര്‍ത്തിക്കാന്‍ മാത്രമോ മാത്രുത്വം?
  കറുപ്പിന്റെ ദൈവങ്ങള്‍തന്നെ -
  എല്ലാത്തിനും നിമിത്തങ്ങളാവുമ്ബോ..
  നമുക്കുസ്മരിക്കാം.. പുരമെരിച്ച കണ്ണകിയെ..
  പിന്നെ നമുക്കു ഭേദിക്കാം “ശിഖണ്ഡിമൌനത്തിന്‍ ചിതല്‍പുറ്റൂം”.

  ആതമദഹനത്തിന്റേ ആവാഹനങ്ങള്‍..
  വിരക്തിയുടേയും നിരാസതിന്റെയും
  അഭിശപ്തമായ കാലം..
  ശക്തമായ വാക്കുകള്‍..
  അനിവാര്യമായ ചിന്തകള്‍..
  Let the river flow as if there is no sea..
  Best Regards
  gigi

  ReplyDelete
 7. പാവം അമ്മമാര്‍ എന്തു ചെയ്യും നെഞ്ഞുരുകി കരയുക അല്ലാതെ ?കവിത ഇഷ്ടമായി.

  ReplyDelete
 8. ഇഷ്ടപ്പെട്ടു, തീമും അവതരണവും.

  ReplyDelete
 9. സമീപാവസ്ഥകളെ കൈകാര്യം ചെയ്യുന്ന കവിതകള്‍ ഈയടുത്ത്‌ കുറച്ച്‌ വായിച്ചു അവയില്‍ ഇത്‌ വേറിട്ട്‌ നില്‍ക്കുന്നു.വ്യത്യസ്ഥമാര്‍ന്ന സമീപനവും ഭാഷയുടെ ഒതുക്കവും എടുത്തുപറയേണ്ട ഒന്നാണ്‌

  ReplyDelete
 10. അര്ത്ഥം പേറുന്ന വരികള്‍..
  സമര്‍പ്പണം ഇഷ്ടപ്പെട്ടു.

  ReplyDelete
 11. കവിതയുടെ വ്യഥിത-രൗദ്ര
  ലാവണ്യം.
  പൊള്ളുന്ന ശീര്‍ഷകം.
  സമര്‍പണത്തിലെ പ്രകടനപരത ഒഴിവാക്കാമായിരുന്നു!

  ReplyDelete