1/27/2009

പേശാത്തവൾ പേശുമ്പോൾ

Dr.കെ.സച്ചിദാനന്ദൻ


ഇന്ന്‌ മലയാളത്തിൽ എഴുതപ്പെടുന്ന കവിതകളിൽ നിന്ന്‌ അനുഭവതലത്തിലും ഭാഷാതലത്തിലും വ്യത്യാസം പുലർത്തുന്നവയാണ്‌ ജ്യോതീബായിയുടെ കവിതകൾ. സാമൂഹ്യ യാഥാർത്ഥ്യത്തിനു നേരെ തുറന്നു പിടിച്ച കണ്ണുകളൂം എഴുതിപ്പഴകിയ ശൈലിയ്ക്കെതിരേ ജാഗ്രത പുലർത്തുന്ന കാവ്യബോധവും വൈകി സംസാരിച്ചുതുടങ്ങിയ ഈ കവിയെ വ്യത്യസ്തയാക്കുന്നു. ജ്യോതീബായിയെ ഞാനറിയുന്നത്‌ അവർ മനോഹരമായി ചൊല്ലിയ മലയാളകവിതകളിലൂടെയാണ്‌. കാവ്യബോധവും സംഗീത ബോധവും സമന്വയിയ്ക്കുന്ന ആ ആലാപനങ്ങൾ എന്നെ ആകർഷിച്ചു. പിന്നീടാണ്‌ ജ്യോതിയുടെ കവിതകൾ കാണാനിട വന്നത്‌.
'പേശാമടന്ത'യിലെ ആദ്യരചനതന്നെ അവരുടെ ഭാവുകത്വവ്യത്യാസം അടയാളപ്പെടുത്തുന്നുണ്ട്‌. മയിലമ്മയുടെ മരണത്തെത്തുടർന്നെഴുതപ്പെട്ട ഈ കവിത (മയിൽപ്പീലിത്തുറുകണ്ണ്‌) അവരെ സൃഷ്ടിച്ച വംശത്തിന്റെ കഥ ഏതാനും സൂചനകളിലൂടെ പറയുന്നു. രണ്ടു രീതികളിൽ കവിത കാവ്യഭാഷ പുതുക്കുന്നു. ഒന്ന്‌ ഭാഷാകവിതയിൽ കണ്ടിട്ടേയില്ലാത്ത അപൂർവ്വപദങ്ങൾ പ്രയോഗിച്ച്‌ (തവള,പാമ്പുവരിശ,പൊഞ്ചാതി,പൊട്ടച്ചി), മറ്റൊന്ന്‌ പദങ്ങളെ പുതുരീതിയിൽ സമന്വയിച്ച്‌(കൈവളക്കലപില, നിറപ്പുള്ളിച്ചേല,പുലിക്കൺമിനുക്കം, ചേലത്തൊട്ടിൽതാലാട്ട്‌,പുലിക്കാൽപതുക്കം,പീലിക്കൺപെരുക്കം) മയിലാൾ, പാപ്പാൾ, വള്ളി ,മുനിയമ്മ,കണ്ണയ്യൻ, നാകേലൻ തുടങ്ങിയ പേരുകൾ കൂടി ഉചിതമായി വിന്യസിക്കുന്നതോടെ ഈ ഭാഷ ഒരന്തരീക്ഷവും സംസ്കാരവുമായി ഉയരുന്നു. അങ്ങിനെ ഒരു ഗോത്രദുരന്തം അതിന്റെ ഭാഷ കണ്ടെത്തുന്നു.
ഈ കവിതകളുടെ പൊരുൾ ഐറണിയാണ്‌.' പച്ചയുടെ സൗമ്യദംശനം '(പച്ച -ഒരു സവർണ്ണ ഫാസിസ്റ്റ്ദംശനം) തുടങ്ങിയ പ്രയോഗങ്ങളിലൊതുങ്ങുന്നില്ല ഈ വൈരുദ്ധ്യബോധം അലക്കുയന്ത്രം നിലച്ചുപോകുമ്പോൾ പഴയ അലക്കുകാരെ ഓർത്ത്‌ വീട്ടുകാരി പടിയിറങ്ങുമ്പോൾ 'വെളുത്തിരുന്നു' എന്നു പറയുന്നിടത്ത്‌(അലക്ക്‌), അഥവാ വീടെല്ലാം 'കുഞ്ഞിക്കാലടിച്ചെത്തങ്ങൾ' കൊണ്ടു നിറയ്ക്കാം നമുക്ക്‌ എന്നു കിനാക്കാണുമ്പോൾ 'എന്റെവീട്‌? അതോ നിന്റേയോ? '(വീടില്ലാക്കുഞ്ഞുങ്ങൾ) എന്നു അത്ഭുതപ്പെടുന്നിടത്ത്‌ ലൈംഗികത്തൊഴിലാളികളെക്കുറിച്ചു പറഞ്ഞ്‌ കിണറ്റിൽ തൂശി പോയതിനെക്കുറിച്ചുള്ള അമ്മൂമ്മക്കഥയുടെ പ്രഹേളികയിൽ ചെന്നെത്തുമ്പോൾ (പുനരധിവാസം) , ആശുപത്രിയിലെ ഓണക്കള മത്സരത്തിനു മാർക്കിട്ടിറങ്ങുന്നതിനെ ?തർക്കമില്ലാതെ മാർക്കിട്ട്‌ സമ്മാനമുറപ്പിച്ച്‌ മോർച്ചറിപ്പടിയിറങ്ങി' (പൂവുകൾ എഴുതിയ സുവിശേഷം) എന്ന്‌ ആവിഷ്കരിയ്ക്കുമ്പോൾ 'ക്ലിഷേച്ചിരിയ്ക്ക്‌ പൂണൂൽ/കിളിക്കൊഞ്ചലിനു സുന്നത്ത്‌ ' എന്ന്‌ 'അലക്കിൽ എഴുതുമ്പോൾ, പിന്നീട്‌ അലക്കേറ്റെടുത്ത്‌ കവിയായ അയാൾ അവളിലെ കവിതകൾക്ക്‌ വെളിച്ചപ്പെടാനിടം കൊടുക്കുമ്പോൾ(അലക്ക്‌ -ആധുനികാനന്തരം), വിരുന്നുചായയിൽ പതുങ്ങിയ സുനാമിയെ എന്റെ മാപനി രേഖപ്പെടുത്താഞ്ഞതെന്ത്‌?(സിസ്മോഗ്രാഫ്‌)' എന്നു വിസ്മയം കൂറുമ്പോൾ എല്ലാം ഈ ഐറണി ഭിന്നമായ പ്രകാശനസന്ദർഭങ്ങൾ കണ്ടെത്തുന്നു.
നഷ്ടപ്പെട്ടുപോകുന്ന ഒരു പഴയ ലോകത്തെ ഈ കവിതകൾ പലരീതികളിൽ സാക്ഷാത്കരിയ്ക്കുന്നു. ചരിത്രത്തിൽനിന്നും ഒരു ചുമടുതാങ്ങി, പൂശാരിയമ്മൻ, അമ്മപ്പൂതങ്ങൾ തുടങ്ങിയ കവിതകളിൽ ആ ലുപ്താനുഭൂതികൾ അവയുടെ ഭാഷ കണ്ടെത്തുന്നുണ്ട്‌. എന്നാലിത്‌ അന്ധമായ ഗൃഹാതുരത്വമല്ല. 'അമ്മപ്പൂതങ്ങളി'ൽ സഹാനുഭൂതി പറയൻകുന്നും പാറക്കെട്ടും പതുങ്ങാനുള്ള പാഴിടവഴിയും നഷ്ടപ്പെട്ട്‌ കൊയ്ത്തില്ലാത്ത വയൽ കണ്ടു മാറുചുരന്ന്‌ ഊരുതെണ്ടുന്ന പൂതങ്ങളോടാണ്‌. ഉണ്ണികൾക്ക്‌ ഇപ്പോൾ ഈ പൂതത്തെ വേണ്ടാ അവർക്ക്‌ നവജീവിതത്തിന്റെ എത്രയോ കളിപ്പാട്ടങ്ങൾ. ചെത്തിപ്പൂവിന്റെ നിറം മങ്ങിയ, ഒപ്പാരിന്റെ ഒലിയടങ്ങിയ ,തപ്പും പറയും തേങ്ങിമടങ്ങിയ കാവിൻമുൻപിൽ ഇത്ര നാളും തന്റെ കോമരത്തിലൂടെ ആകാരവും ശബ്ദവും തേടി അവന്റെ കാലുകൾ കനൽച്ചൂടിൽ നിന്നുകാത്ത പൂമിതിമാരിയമ്മൻ തുണകെട്ട്‌ ചേക്കേറാൻ ഒരുടലില്ലാതെ ,കോമരമില്ലാതെ കണ്ണീർമഴയിൽ ,കാണാമറയിൽ നിൽക്കുന്നിടത്തുമുണ്ട്‌ ഈ അനാഥഭൂതസാന്നിദ്ധ്യം (പൂശാരിയമ്മൻ). കരകാട്ടം ,കുട്ടിയും കോലും, കിസേപ്പി, സ്വർണ്ണവർണ്ണവെള്ളരികളേന്തിയ എഴുത്തശ്ശന്മാർ, ചാന്തും കൺമഷിയുമായി വരുന്ന വളച്ചെട്ടികൾ , ഇവരൊക്കെ വരാതായിട്ടും ചുമടിറക്കാനായുമ്പോൾ ശൂന്യത്തിൽ നിന്നെന്നപോലെ ഉയർന്നുവരുന്ന ചുമടുതാങ്ങിയെക്കുറിച്ചു പറയുമ്പോഴും ഒരു നഷ്ടലോകം ഉയിർത്തെഴുന്നേൽക്കുന്നു(ചരിത്രത്തിൽനിന്നും ഒരു ചുമടുതാങ്ങി)
ഒതുക്കിപ്പറയാനുള്ള കഴിവുകൊണ്ടും ബിംബങ്ങളുടെ പുതുമ കൊണ്ടും ഭാഷയുടെ ഗ്രാമീണമായ വശ്യതകൊണ്ടും സമൂഹോ?​‍ുഖതകൊണ്ടും ശ്രദ്ധേയമായ കവിതകളുൾക്കൊള്ളുന്ന ഈ സമാഹാരത്തിനും ഗ്രന്ഥകർത്രിക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

'എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെവയ്യ '

എന്നല്ലേ കവി പറയുന്നത്‌