1/26/2009

ശമം വെടിഞ്ഞ വാക്കുകൾ

വിജു നായരങ്ങാടി


കവിത സാധാരണ കേവല വായനയ്ക്ക്‌ വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്‌. കവിതയുടെ ആന്തരസ്ഥലികളിലേക്ക്‌ സംക്രമിക്കുവാൻ ഒരു ജൈവവസ്തുവിനെ പരിചരിക്കുന്ന വഴക്കവും ശ്രദ്ധയും സൂക്ഷ്മതയും വായനക്കാരൻ സൂക്ഷിക്കേണ്ടതുണ്ടെന്ന ബോധം പക്ഷേ പുതിയകാല വായനക്കാരിൽ നിന്ന്‌ അകന്നു പോകുന്നത്‌ നിരന്തരം കാണേണ്ടിവരുന്നു. വായനക്കാരനും കവിതയും തമ്മിലുള്ള പരസ്പരാദാനത്തിന്റെ അളവു കുറയുന്നതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ കവിത പരമ്പരാഗതഘടനയിൽ നിന്ന്‌ വേറിടുന്നതിന്റെ പേരിൽ കവിയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനവും കാണാം.
കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ കവിത പെരുമാറുന്ന വീക്ഷണവഴികളെ പരിശോധിച്ചാൽ മുകളിൽ സൂചിപ്പിച്ച വസ്തുതകൾക്ക്‌ ഉത്തരം ലഭിച്ചേക്കും. തൊണ്ണൂറുകൾ അസ്തമിക്കുന്നതു വരെ നമ്മുടെ കവിതയിൽ പാരമ്പര്യത്തിന്റെ വഴികളും, ചൊല്ലിയുറപ്പിക്കുന്ന കാവ്യസമീപനങ്ങളും, മൊഴിവഴക്കങ്ങളെ കാൽപനികച്ചാരുതയിൽ പ്രതിഷ്ഠിക്കുന്ന രചനാരീതികളും, ഇത്തരം രചനാരീതികളെ തിരിച്ചും മറിച്ചും മാറ്റിപ്പണിയുന്ന കൗതുകങ്ങളും നിരന്തരം വന്നുപോയി. രണ്ടായിരത്തിനു ശേഷം വ്യതസ്തരായ അനേകം പ്രസാധകരുടെ പ്രസാധനസംരംഭങ്ങളിലൂടെ പുറത്തുവന്ന ഏകദേശം എഴുപത്‌-എഴുപത്തഞ്ച്‌ കവിതാപുസ്തകങ്ങൾ നൽകുന്ന പ്രാഥമിക സുചന അത്തരം കൗതുകങ്ങളിൽ നിന്നും മാറിനിൽക്കുന്ന, മാറിനടക്കാനാഗ്രഹിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടെന്നു തന്നെയാണ്‌. ഈ പറഞ്ഞവർ ഏതർത്ഥത്തിലായാലും കവിതയുടെ ക്രാഫ്റ്റിനെ വ്യതിരിക്തമാക്കി നിർത്താനും അതുവഴി വൈയക്തിക അനുഭവങ്ങളെപ്പോലും വ്യക്തിനിരപേക്ഷതലത്തിൽ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നവരാണ്‌. എന്നാൽ കാവ്യഭാവനയുടെ ആകെത്തുകയിൽ അവരുടെ കൃതികളൊന്നും ലാന്റ്മാർക്കുകളാവാതെ പോയതിനു കാരണം കാവ്യകാലമെന്നും ജീവിതകാലമെന്നും തങ്ങൾ എഴുതിയ കാലത്തെ അവർ വേർതിരിച്ചുനിർത്തിയതുകൊണ്ടാണ്‌. രണ്ടായിരത്തിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ ജഡത്വത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു കിഴുക്കാംതൂക്കായ സ്ഥലരാശിയുടെ ഒത്തമുകളിലാണ്‌ നാം നിൽക്കുന്നത്‌. ദർശനസ്പർശങ്ങളിലൂടെ രോഗനിർണ്ണയം നടത്തിയ മഹാവൈദ്യപരമ്പരയിലെ ആൾക്കാരെപ്പോലെ ദർശനസ്പർശങ്ങളിലൂടെ കാലരാശിയേയും സ്ഥലരാശിയേയും രോഗനിർണ്ണയം നടത്തി ചൂണ്ടിക്കാണിക്കുന്ന വൈദ്യവൃത്തിതന്നെയായി കവിത മാറുകയാണ്‌. ഈ മാറ്റത്തെ അറിയുകയും ഉൾക്കൊള്ളുകയുമാണ്‌ പുതിയ കവി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം എന്നു പറയാം. ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്ന കവിതയുടെ ശിൽപത്തെക്കുറിച്ച്‌ ഒരു ഉറച്ച ബോധം കവികളുടെ പക്ഷത്ത്‌ രൂപപ്പെട്ടു വരുന്നുണ്ട്‌. അത്‌ പരമ്പരാഗത വൃത്തബോധത്തെ തിരിച്ചാനയിക്കലോ ചൊൽവടിവുകളിലേക്ക്‌ കേവലം തളച്ചിടലോ അല്ല. മറിച്ച്‌ കവിതയുടെ ശിൽപത്തിലെ സാധാരണത്വത്തിൽ നിന്ന്‌ വ്യതിചലിക്കലാണ്‌. ശിൽപത്തിൽ നിന്നുള്ള വ്യതിചലനം കേവലം ശിൽപത്തിൽ അവസാനിക്കുന്നുമില്ല. അത്‌ ശിൽപത്തിനപ്പുറമുള്ള ഘടകങ്ങളെക്കൂടി സ്വാധീനിക്കുകയും ആഴമേറിയ ഭാവബന്ധങ്ങളായിത്തീരുകയും ചെയ്യുന്നുണ്ട്‌. 'പേശാമടന്ത'യിലെ കവിതകൾ ഇത്തരമൊരു ചർച്ചയെ കേന്ദ്രസ്ഥാനത്ത്‌ കൊണ്ടുവരുന്നു എന്നു പറയുമ്പോൾ ആഹ്ലാദമുണ്ട്‌.

ജീവിതത്തെ സമഗ്രമായി അറിയാനുള്ള വഴി എന്നതായിരുന്നു കവിതയുടെ ജൈവബോധത്തെ എന്നും നിലനിർത്തിപ്പോന്നത്‌. സമൂഹവും വ്യക്തിയും തമ്മിലുള്ള വിടവ്‌ വർദ്ധിച്ചുവരും തോറും ഈ ജൈവബോധം ഏറെക്കുറെ പടിയിറങ്ങി. വ്യക്തിയും സമൂഹവും തമ്മിലുള്ള വിടവ്‌ വർദ്ധിക്കുന്നതിൽ, കവിയുടെ പ്രതിബദ്ധതയ്ക്ക്‌ ഇടപെടാനുള്ള സ്ഥലമൊന്നും ഇക്കാലത്തിലില്ല. കവിയുടെ പ്രതിബദ്ധത ഇവിടെ പ്രവർത്തിക്കുന്നത്‌ വ്യക്തിയിൽ നിന്ന്‌ സമൂഹത്തിലേക്കും, സമൂഹത്തിൽ നിന്ന്‌ വ്യക്തിയിലേക്കും സഞ്ചരിക്കുന്ന ഒരാത്മബോധമായിട്ടാണ്‌. ഈ ആത്മബോധം പുതിയ രചനയേയും പുതിയ വായനയേയും പുതിയ രീതിയിൽത്തന്നെ ചിട്ടപ്പെടുത്തുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഒരു പുതിയ കവിതയും അതിന്റെ വായനയിൽ ഏതെങ്കിലും ഒരു വാക്കിന്റെയോ വാക്കു സൃഷ്ടിക്കുന്ന വ്യവഹാരത്തിന്റെയോ കേന്ദ്രസ്ഥാനത്തെ നിർണ്ണയിക്കുന്നില്ല. എന്നാൽ വാക്കിന്റെ അനന്തസാദ്ധ്യതകളെ സമൂഹവുമായുള്ള ജൈവ/ആത്മബന്ധത്തിലൂടെ അന്വേഷിക്കുകയാണ്‌ ഒരേസമയം രചനയും വായനയും നിർവഹിക്കുന്നത്‌.

പേശാമടന്തയിലുൾപ്പെടുത്തിയിട്ടുള്ള ഇരുപത്തൊന്നോളം കവിതകളും ഈ രീതിയിൽ വാക്കിനെ പൊതിഞ്ഞു നിൽക്കുന്ന അർത്ഥത്തിനപ്പുറത്തേക്ക്‌ സഞ്ചരിക്കുന്നവയും വാക്കിന്റെ യൂണിറ്റുകളിൽ സ്വയം പൊരുതുന്ന ഘടകങ്ങളെ സൂക്ഷിക്കുന്നവയും ആണ്‌.

മനുഷ്യൻ ഭൗതികമായി ആരോഹണം ചെയ്യുമ്പോഴും ആത്മീയമായി അവരോഹണം ചെയ്യുകയാണ്‌. കാരുണ്യത്തിന്റെ അനന്തസ്ഥലികളിൽ പൂത്തുവിടരേണ്ട ജീവിതാവബോധമാണ്‌ ആത്മീയത, കൊട്ടിഘോഷിക്കപ്പെടുന്ന ആൾക്കൂട്ടത്തിന്റെ ഹിസ്റ്റീരിയക്ക്‌ സമാനമായ മാനസിക രോഗമല്ല. ഈ ആത്മീയതയുടെ വഴികളെ സാമൂഹ്യാനുഭവങ്ങളിലേക്കും ശരീരമടക്കമുള്ള വ്യക്ത്യനുഭവങ്ങളിലേക്കും സംക്രമിപ്പിച്ച്‌ ആവിഷ്ക്കരിക്കുന്ന രചനാതന്ത്രമാണ്‌ ഈ കവിതകളിൽ ജ്യോതിബായി പൊതുവെ സൂക്ഷിക്കുന്നത്‌. ഈ കവിതകളുടെ അടരന്വേഷിക്കുമ്പോൾ ആത്മാവും ശരീരവും ദ്വന്ദ്വപരികൽപനകളായി പിരിയുന്നില്ല. ആത്മസ്ഥാനത്ത്‌ സമൂഹവും പ്രകൃതിയും, അവയുടെ ഭൂതകാലനന്മ
കളിൽ തിളങ്ങിനിൽക്കുന്നു. ശരീരം സ്വയം ശരികളെ അന്വേഷിക്കുന്ന, തടവറയിൽപ്പെട്ട പ്രവാഹമായിത്തീരുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ വിരുദ്ധകേന്ദ്രങ്ങളാണിവ. ഈ വിരുദ്ധകേന്ദ്രങ്ങളെ സിംക്രണൈസ്‌ ചെയ്യുന്നിടത്താണ്‌ കവിതയുടെ മർമ്മം എന്നു പറയാം.

എഴുത്തിന്റെ മുഹൂർത്തത്തിൽ മാത്രമെ കവിയുള്ളു. അതിനു മുൻപുള്ളതോ അതിനു ശേഷമുള്ളതോ ആയ കവിയുടെ വൈയക്തികസത്തയോ സാമൂഹ്യസത്തയോ പരിഗണിക്കേണ്ടതില്ല എന്ന് ബാർത്ത്‌ എഴിതുന്നത്‌
‌1968ലാണ്‌. ‌. ഈ കവിതകളുടെ കാര്യത്തിൽ ബാർത്തിന്റെ എഴുത്തുകാരന്റെ മരണമെന്ന നിലപാടിന്റെ പ്രയോഗസാദ്ധ്യത കൂടുതലാണ്‌. ഈ സമാഹാരത്തിലെ ആദ്യത്തെ പന്ത്രണ്ടു കവിതകൾ നിലനിൽക്കുന്നത്‌ എഴുത്തിന്റെ മുഹൂർത്തത്തിലെ കവിയെ പ്രകാശിപ്പിക്കുന്ന തരത്തിലാണ്‌. മയിലമ്മ എന്ന സാമൂഹ്യാനുഭവത്തെയും മയിലമ്മ എന്ന ശരീരാനുഭവത്തെയും തനിക്കുമാത്രം പരിചിതമായ ഒരു സാമൂഹ്യസ്ഥലത്തും സാമൂഹ്യകാലത്തും സൂക്ഷ്മമായ വാക്കാക്കി എറിഞ്ഞു തറയ്ക്കുകയാണ്‌ മയിൽപ്പീലിത്തുറുകണ്ണ്‌. ഇനിയൊരു വാക്കും ചെത്തിമാറ്റാനില്ലാത്തവണ്ണം ഒരോ വാക്കിനേയും മൗനത്തിന്റെ കരിമ്പടം പുതപ്പിച്ച്‌ സ്ഥിതപ്പെടുത്തുക (ജഹമരലാളി​‍ി) യാണിവിടെ. വാക്കിനെ മൗനത്തിന്റെ തോടുടച്ച്‌ വീണ്ടും ചേർത്തുവയ്ക്കുമ്പോൾ അനന്താർത്ഥങ്ങളുടെ ഒരു ലോകം പക്ഷേ വിരിഞ്ഞുവരുന്നതു കാണാം. വ്യാഖ്യാനിയ്ക്കുന്നതിനേക്കാൾ ആസ്വദിക്കാനുള്ള ലോകമായി കവിത മാറുന്നു. ശ്വാസം മുട്ടുന്ന ജീവിതാത്മാക്കളുടെ അന്തിമമായ ആശ്രയസ്ഥാനമായി കവിത മാറുന്നു.

ഈ കവിതകളോരോന്നും വേട്ടയാടലിന്റെയും വികസനത്തിന്റെയും അന്തിമവിശ്രമസ്ഥാനം യുദ്ധമാണെന്ന്‌ നിശ്ശബ്ദമായി പ്രഖ്യാപിക്കുന്നു. ആ യുദ്ധത്തിൽ കവിസ്വത്വം രണ്ടായി പിളർന്ന്‌ നിന്ന്‌ ഏറ്റുമുട്ടലിന്റെ ഘോരാനുഭവത്തെ പങ്കുവെയ്ക്കുന്നെന്നു മാത്രം.

'വിറയ്ക്കും
വലംകൈച്ചെറുവിരലിൽ
പച്ചയുടെ സൗമ്യദംശനം

എന്നെഴുതുന്നിടത്ത്‌ സ്വത്വത്തിന്റെ ഈ പിളർച്ച കാണാം.
'പച്ചയിൽ കൺമിഴിക്ക്‌
മുറിവൊക്കെയും മറക്ക്‌'

ഒരു മുറിവും മറക്കാനുള്ളതല്ലെന്നും ഒരു സ്വപ്നകൗതുകം പോലെ ആത്മാവിന്റെ വിരലിൽ മരതകമോതിരമായി അണിയാനുള്ളതുമാണെന്നും കവി കരുതുന്നു. പച്ച - ഒരു സവർണ്ണ ഫാസിസ്റ്റ്‌ ദംശനം എന്ന തലക്കെട്ടിൽ തെളിയുന്ന കാവ്യലോകം മുതൽ നിരവധി കവിതകളിൽ ഓർമ്മയുടെ, താൻ വിട്ടുപോന്ന പ്രാദേശിക ജീവിതത്തിന്റെ, അവയുടെ നന്മതിന്മകളുടെ, അമർത്തിപ്പിടിച്ചിട്ടും തിളച്ച്‌ പുറത്തുചാടുന്ന 'അരുതായ്കകളുടെ' ലോകങ്ങൾ തിടമ്പേറ്റി നിൽക്കുന്നുണ്ട്‌.

ഒരിണയും ഒരു കാമുകസത്തയും ഈ കവിതയുടെ ജീവസ്സിൽ പറ്റിപ്പിടിച്ചു നിൽക്കുന്നതു കാണാം. പൊതുജീവിതത്തിൽ, അതും ഒരു പെൺകുട്ടിയ്ക്ക്‌ ഇണയും കാമുകനും രണ്ടും രണ്ടാവുന്നു. അതിലൊന്ന്‌ ദമിതം ചെയ്യാൻ അവൾ വിധിക്കപ്പെടുന്നു. പെണ്ണ്‌ കവിയാകുമ്പോൾ അവൾ ഒതുക്കേണ്ടിവരുന്ന ദീർഘനിശ്വാസങ്ങൾ ഈ കവിതകളിൽ ചിതറിക്കിടക്കുന്നുണ്ട്‌. നമ്മുടെ മുതിർന്ന സ്ത്രീകവികൾ ആവിഷ്ക്കരിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമപ്പെട്ട ഈ മണ്ഡലത്തെ ജ്യോതിബായി നിദ്രാടനത്തിന്റെ ഭയസൗന്ദര്യങ്ങൾ നൽകി പല കവിതകളായി വിന്യസിച്ചിരിക്കുകയാണ്‌. ശരീരത്തെയും മനസ്സിനെയും എതിർശക്തികളായോ എതിർധ്രുവങ്ങളായോ സങ്കൽപിക്കാതെ ഒന്ന്‌ മറ്റൊന്നിലേക്ക്‌ കയറിയും ഇറങ്ങിയും സഞ്ചരിക്കുന്ന, അദൃശ്യമായ ഒരൂഞ്ഞാലിനെയെന്നപോലെയാണ്‌ കവിത പരിചരിക്കുന്നത്‌. അതുപോലെ പരസ്പരം വികർഷിക്കുന്നു എന്നു തോന്നുന്ന, അർത്ഥത്തിന്റെ ചെറിയ ചെറിയ രൂപകങ്ങൾ ഈ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളുടെയും പൊതുസ്വഭാവമാണ്‌. ഈ വികർഷണത്തിന്റെ സംഘർഷമാണ്‌ കാവ്യവായനയിൽ പുതിയ രീതികൾ അനുസരിയ്ക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നത്‌. ഭാഷയ്ക്കകത്ത്‌ നിർമ്മിക്കപ്പെട്ട പാഠപരതയാണ്‌ കൃതി എന്നതിനാൽ പുറത്തുനിന്ന്‌ ഒന്നും കവിതയ്ക്കകത്തേക്ക്‌ പ്രവേശിപ്പിക്കേണ്ടിവരുന്നില്ല. കവിത, അവയുടെ ഘടകങ്ങളാൽ സ്വയം രൂപം പ്രാപിയ്ക്കുകയും വാക്കി൹ പുറത്തുള്ള റഫറൻസുകളെ നിഷേധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും അത്രയൊന്നും ലളിതമല്ലെന്നും തോന്നാം. ലളിതം എന്നത്‌ ഒരു ഗുണമല്ല, ദുർഗ്രഹതയെന്നത്‌ ഒരു ദോഷവുമല്ല. ഈ ദ്വന്ദ്വത്തിനിടയിൽ സംഭവിക്കുന്ന കവിതയുടെ ജൈവമണ്ഡലത്തിന്റെ സ്ഥാനം വായനയെ മുഷിയാതെ ശ്രദ്ധിക്കുന്നുണ്ട്‌. എന്താണ്‌ പറഞ്ഞത്‌ എന്നല്ല, എന്താണ്‌ മൗനത്തിൽ പൊതിഞ്ഞിരിക്കുന്നത്‌ എന്നതിനെക്കുറിച്ചുള്ള അന്വേഷണമായി കവിത മാറുന്നു.

ഈ അന്വേഷണത്തിൽ ഒരോ വാക്കിനു പിന്നിലും തീവ്രമായ അനുഭവമുണ്ടെന്ന്‌ വാക്കുകൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. 'മേൽ-വിലാസങ്ങൾ' എന്നൊരു രചനയുണ്ട്‌ ഇതിൽ. കവിതയിൽ ആഖ്യാതാവിന്‌ വന്നുഭവിക്കുന്ന സ്ത്രീസ്വരം ശ്രദ്ധിക്കുക. വാക്കുകളുടെ തെരഞ്ഞെടുപ്പിലും വിന്യാസക്രമത്തിലും ജ്യോതി സൂക്ഷിക്കുന്ന കൃത്യതയാണ്‌ 'മേലും' 'വിലാസ'വും രണ്ടും രണ്ടാണെന്ന പെണ്ണനുഭവത്തിലേക്ക്‌ നയിക്കുന്നത്‌. ഈ കവിതയിലെ ഒറ്റവാക്കും പുരുഷപക്ഷാനുഭവത്തെ പ്രതിനിധീകരിക്കുന്നില്ല. മറിച്ച്‌ സ്ത്രീയെ നിരന്തരമായി പ്രകാശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദളിത/മധ്യവർഗ്ഗ/ഉപരിവർഗ്ഗ വിഭജനങ്ങൾക്കൊന്നും പ്രസക്തിയില്ലാത്ത വിധം സ്ത്രീയെന്നും സ്ത്രീസത്തയെന്നും സ്ത്രീയനുഭവമൻന്മ്‌ വാക്കുകൾ നിരന്തരം ഹാജർ രേഖപ്പെടുത്തുന്നു. യാന്ത്രിക ജീവിത കർമ്മത്തിൽ രതി പോലും യാന്ത്രിക കർമ്മമായി മാറുന്ന, മുഷിഞ്ഞ മുഖത്തിനു നേരെയുള്ള കടമകഴിക്കലായി മാറുന്ന മരവിപ്പിനെ മറികടക്കുന്നത്‌ സർഗ്ഗാത്മകതയുടെ ഒളിയിടം തെരഞ്ഞുപിടിച്ചിട്ടാണ്‌. പാതിയിലെവിടെയോ മുറിച്ചെറിഞ്ഞ ഒരു പ്രണയം ഇന്ദ്രിയം ചോരവാർക്കും പോലെ സർഗ്ഗാത്മകതയുടെ ഒളിയിടങ്ങളിൽ കവിയെ കാത്തിരിക്കുന്നുണ്ട്‌. അവിടെയെത്തുമ്പോൾ നിരസിച്ചെറിഞ്ഞ ഈ പ്രണയം കടമ്പു പൂക്കും പോലെ പൂവിടും; ദമിതമാക്കപ്പടുന്ന, അപമാനവീകരിക്കപ്പെടുന്ന രതി സ്വാതന്ത്ര്യപ്രഖ്യാപനം പോലെ ഉത്സാഹഭരിതമായി പെരുമാറുകയും ചെയ്യുന്നുണ്ട്‌.
'ഒട്ടും ഇടപെടാതെ
അകം നേർവരയിൽ മടക്കി
'പുറംവെളുപ്പിലേക്ക്‌'

കവിത അവസാനിക്കുന്നത്‌ 'എഴുതുകയാണ്‌' എന്ന്‌ അവിരാമ ചിഹ്നത്തോടെയാണ്‌. എഴുത്ത്‌/രതി കേവലകർമ്മമായി, ആഹ്ലാദവും നിറവും കെട്ട്‌ അഴുകുന്ന ആത്മസ്വത്വത്തെ നിസ്സഹായതയിൽ അമർത്തിപ്പുണരാൻ പ്രേരിപ്പിക്കുന്ന ഒന്നായിത്തീരുന്നു. കവിതയുടെ ലോകങ്ങളിൽ മനുഷ്യൻ ആത്മാവിൽ നഗ്നരായിത്തീരുന്നത്‌ ഇങ്ങനെയാണ്‌.
ഈ കവിതകൾക്കകത്ത്‌ പലയിടത്തും കവി ജീവിതത്തിൽ നിന്നും പറിച്ചുനട്ട ഒരു കളിക്കൂട്ടുണ്ട്‌. ഈ കളിക്കൂട്ടിനെ തീവ്രമായി സ്നേഹിക്കുകയും രൂക്ഷമായി വെറുക്കുകയും ആഴമറിയാത്ത പ്രണയത്തിൽ മുക്കിക്കളയുകയും അതികഠിനമായി നിരസിക്കുകയും ചെയ്യുന്നതിൽ ജ്യോതിയിലെ കവിസ്വത്വം അപാരമായ ആനന്ദം കണ്ടെത്തുന്നുണ്ട്‌. തന്റെ വെർബൽ എക്സപ്രഷൻസ്‌ മുഴുവനും ഈ കളിക്കൂട്ടിനോടുള്ളതാണെന്ന്‌ ഈ കവിതകളുടെ ഏതോ ഒരടരിൽ നിന്ന്‌ എനിക്ക്‌ വായിച്ചെടുക്കാനാവുന്നുണ്ട്‌. അയാൾ രമണരൂപിയായ മരണം തന്നെയാണ്‌. മൃത്യു ഒരു വാഞ്ച്ഛപോലെ മിക്കവാറും എല്ലാ കവിതകളുടെയും വരികൾക്കിടയിലുണ്ട്‌.

'എണ്ണിയോ? എത്രാമത്തേതാണു ഞാൻ?
കാലിനടിയിൽ ചവിട്ടുപടിയുടെ കിരുകിരുപ്പ്‌'

എന്ന ചോദ്യം മനസ്സിലൊന്നാവർത്തിക്കുക. കവിത പിന്നീട്‌ അനന്തമായി സംസാരിച്ചുകൊണ്ടിരിക്കും. സ്വത്വരാഷ്ട്രീയത്തിന്‌ വ്യക്ത്യതീത ജീവിതം മാത്രമല്ല ഊന്നായിത്തീരുന്നത്‌, മറിച്ച്‌ വൈയക്തിക ജീവിതത്തിലെ ആഴം പിടിതരാത്ത അനുഭവങ്ങളുടെ കയങ്ങൾക്കുമാവും എന്ന്‌ സ്വപ്നഭൗതികം മറുപടി പറയും. കവിതയിലെ സ്വത്വരാഷ്ട്രീയം അമർന്നു പഠിയ്ക്കേണ്ട വിഷയങ്ങളിലൊന്നാണെന്ന്‌ നമുക്ക്‌ ബോധ്യമാവുകയും ചെയ്യും.

ചിലകാലങ്ങളിലെ ചില പ്രസ്താവങ്ങൾ സത്യവും ചില പ്രസ്താവങ്ങൾ അസത്യവുമായി മനസ്സിലാക്കപ്പെടുന്നു. ഈ മനസ്സിലാക്കലിന്റെ നിയമങ്ങളായിരുന്നു ഫുക്കോവിന്‌ വ്യവഹാരവിശകലനം. കവിത അതിന്റെ സർഗ്ഗാത്മക നിയമങ്ങൾക്കകത്ത്‌ സൃഷ്ടിക്കുന്ന ജ്ഞാനരൂപങ്ങൾക്കും ഇത്‌ ബാധകമാണ്‌. അലക്ക്‌ എന്നൊരു കവിതയും അലക്ക്‌ (ആധുനികാനന്തരം) എന്നൊരും കവിതയും ഇതിൽ കാണാം. ഈ കവിതകളിലെ ഏതു പ്രസ്താവമാണ്‌ ഈ കാലത്ത്‌ സത്യമായിത്തീരുന്നത്‌; ഏതു പ്രസ്താവമാണ്‌ അസത്യമായിത്തീരുന്നത്‌? 'മുറിച്ചിട്ട ഗൗളീവാക്കുകൾ' എന്ന്‌ വാക്കിനെ മൂർച്ചയുള്ള ഒരായുധം പോലെ തൊടുത്തുനിർത്തി സ്വന്തം ഉരസ്സിലേക്ക്‌ പ്രയോഗിക്കുമ്പോൾ ഉതിരുന്ന നിണം പോലെ, പ്രസ്താവങ്ങൾ, കവിതകളായി രൂപാന്തരപ്പെടുന്നത്‌ ഇവിടെ കാണാം.

കവിതയിൽ അനുഭവത്തിന്‌ സാന്ദ്രതയേറുമ്പോൾ വാക്കുകൾക്ക്‌ ചിറകു മുളയ്ക്കുന്ന പ്രതീതിയുണ്ടാവും. വാക്കുകൾ വാക്കുകളായല്ല, ഒരോ വ്യവഹാരലോകങ്ങളായി മാറും. സാമൂഹ്യപ്രക്രിയയിൽ സജീവമായി പങ്കെടുക്കുന്ന ചിന്തയായി പരിണമിക്കും. ഒരു യുഗത്തിന്റെ ചരിത്രമെഴുതുമ്പോൾ ആ യുഗത്തിന്റെ പ്രമാണശേഖരവുമായി ഗാഢമായ പരിചയം സ്ഥാപിച്ച്‌ അത്തരം ചിന്തകൾക്ക്‌ ആധികാരികത ചമയ്ക്കും. 'ചുമടുതാങ്ങി'യെന്ന ബാഹ്യയാഥാർത്ഥ്യത്തെ ക്രമബദ്ധമായ ഭാഷയിൽ നിലനിർത്തുകയും ഈ ബാഹ്യയാഥാർത്ഥ്യത്തെ ഭാഷയിലൂടെ പ്രതിനിധാനം ചെയ്യുകയും ചെയ്യും. അതിനെ ചരിത്രവൽക്കരിക്കാനുള്ള തീവ്രമായ ശ്രമം അതിന്റെ ഭാഗമാവുകയും ചെയ്യും. 'ചരിത്രത്തിൽ നിന്ന്‌ ഒരു ചുമടുതാങ്ങി'യിൽ കവിത അതിന്റെ സുവ്യക്തമായ രാഷ്ട്രീയ ബോധം കൂടി വെളിപ്പെടുത്തുന്നുണ്ട്‌. മനുഷ്യന്റെ വേട്ടയുടെ രൂപവും ഭാവവും മാറിമാറി വരുന്നുവേന്നും ലോകത്തെ ഏറ്റവും വലിയ വിപത്ത്‌ സംസ്കാരമില്ലാത്തവന്റെ കൈയ്യിലെ സമ്പത്താണെന്നുമുള്ള നിശ്ശബ്ദനിരീക്ഷണത്തിലൂടെ, പഴമയുടെ തെളിമ കാണിച്ചുതന്നുകൊണ്ട്‌ നന്മ കെട്ടുപോകുന്ന കാലത്തിലേക്ക്‌ കവിതയെ പ്രക്ഷേപിക്കുകയാണ്‌ ജ്യോതി ചെയ്യുന്നത്‌. അക്ഷരങ്ങളെല്ലാം അനവസരത്തിൽ ചവച്ചു തുപ്പുന്നവയായി തീർന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ ഉചിതാക്ഷരസംവിധാനം കവിതയാവുന്നു എന്ന തോന്നലുണ്ടാക്കാൻ പോലും ശക്തമാണ്‌ ഈ രചന. നാഗരികം എന്നയർത്ഥത്തിലുള്ളതു മുഴുവൻ വിനാശകാരിയാണെന്ന്‌ ആദ്യം പറഞ്ഞുവെച്ചതു വിദൂരനിലൂടെ വ്യാസനാണ്‌. മനുഷ്യജീവിതത്തിൽ നമ്മുടെ പ്രഖ്യാതവികസനത്തിനുള്ള പങ്ക്‌ ഇനിയും പഠിയ്ക്കപ്പെടേണ്ടതാണ്‌.

പ്രപഞ്ചഘടനയിൽ ഒരു പുല്ല്‌ നശിപ്പിക്കപ്പെടുമ്പോൾ പോലും പ്രത്യാഘാതമുണ്ടാകുന്നുണ്ടെന്ന്‌ ഇക്കോളജി നമ്മോടു പറയുന്നു. സമൂഹഘടനയിൽ സംഭവിക്കുന്ന ഏതൊരു ഋണാത്മകചലനവും ജ്യോതിയുടെ മനസ്സിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്‌ സ്വകാര്യാനുഭവത്തിന്റെ ചൂളയിലൂടെ കവിതയായി പുറത്തുവരുന്നത്‌. അതിലോലമായ പ്രണയാനുഭവവും അതികഠിനമായ സാമൂഹ്യദുരന്തവും ഒരേയളവിൽത്തന്നെയാണ്‌ പ്രവർത്തിയ്ക്കുന്നത്‌. അതല്ലെങ്കിൽ 'ശിവം' പോലൊരു കവിത അസാദ്ധ്യമാണ്‌. പ്രണയാനുഭവം പോലെ സ്വപ്നസന്നിഭമായ ജീവിതാനുഭവങ്ങളെ കവിതയുടെ കേന്ദ്രസ്ഥാനത്തുനിർത്തി പങ്കാളിയുടെ ഹൃദയത്തിലേക്ക്‌ അസ്ത്രമൂർച്ചയോടെ സന്നിവേശിപ്പിക്കൽ ഇക്കാലത്ത്‌ എളുപ്പമല്ല. ഡമരുവിന്റെ താളം കവിതയുടെ ശാബ്ദികതലത്തിൽ ലയിപ്പിച്ചു നിർത്തി വായനയുടെ പുണ്യമായിത്തീരുന്നു, ഈ രചന.

പൊതുമണ്ഡലത്തിലെ സ്ത്രീ എന്നും പേശാമടന്തയാണ്‌. ചലനങ്ങളിൽ നിന്നു പോലും രാഷ്ട്രീയം ചോർത്തിക്കളഞ്ഞ, മിണ്ടുന്ന പ്രക്രിയ മറന്നുപോയ ശ്വസിക്കുന്ന യന്ത്രം. എന്നാൽ, സർഗ്ഗാത്മകതയുടെ അഗ്നി വന്നു തൊടുന്ന നേരത്ത്‌ അവളിലെ മുനി തന്നെ പൊതിഞ്ഞിരിക്കുന്നവയെ ക്ഷണനേരത്തേക്ക്‌ കുടഞ്ഞു തെറിപ്പിക്കുന്നു. സർഗ്ഗാത്മകതയുടെ അഗ്നിസ്പർശം പിൻവലിയുമ്പോൾ അവൾ സമൂഹത്തിനു മുൻപിൽ വീണ്ടും പേശാമടന്തയാവുന്നു. ഒരു ആയുഷ്ക്കാലത്തിൽ എത്ര കുറച്ചു നേരം മാത്രമാണ്‌ അവൾ പേശുമടന്തയാവുന്നത്‌. പേശുമ്പോൾ പക്ഷെ അവൾക്ക്‌ കണ്ണീരും ഗദ്ഗദവും ഇല്ല. സ്വത്വ/വർഗ്ഗ/വർണ്ണ/ലിംഗ ഭേദങ്ങളില്ല. പേശുമ്പോൾ പക്ഷെ അവളിലെ അമ്മയും ആർദ്രതയും മാത്രം ഉണർന്നിരിക്കുന്നു.

കവിതയിന്ന്‌ ഒരായുധത്തിനും മറ്റൊരായുധത്തിനും ഇടയിലുള്ള ഇടവേളയാണ്‌. വാക്കുകൾ ശമനങ്ങളെക്കുറിച്ചല്ല ഉച്ചരിക്കേണ്ടത്‌. പൊള്ളിക്കുന്ന സത്യങ്ങളെക്കുറിച്ചാണ്‌. അത്തരം സത്യങ്ങൾക്ക്‌ പൊതുമണ്ഡലം കാവൽ നിൽക്കുകയില്ല. കവി തന്നെ കാവലാൾ. ഒരു കവി, ജ്യോതിബായി ; അത്തരമൊരു കാവലിന്റെ കനലിൽ ചവിട്ടി നിന്നുകൊണ്ട്‌ അക്ഷരങ്ങൾ ഉച്ചരിക്കുന്നു. കാലം ഈ ഉച്ചാരണങ്ങളിലെ സത്യവും അസത്യവും വേർതിരിക്കാതിരിക്കില്ല. വേർതിരിവിന്റെ കള്ളികളിൽ ലഭിക്കുന്നവ ഏതായിരുന്നാലും കവി എന്ന കള്ളിയിൽ ജ്യോതിയുണ്ടാവും.

അക്ഷരത്തിന്റെ സത്യം നൽകുന്ന സൂചനയാണത്‌.

വിജു നായരങ്ങാടി
അധ്യക്ഷൻ
മലയാള വിഭാഗം
ടി.എം. ഗവൺമന്റ കോളേജ്‌
തിരൂർ