5/20/2010

ശിവം







ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്‌ന്നു നില്‍പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?

ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്‍
പ്രണയവാങ്മയം പ്രിയനായ്‌ പകര്‍ത്തുക

സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ്‌ ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്‌
ജടയില്‍ ഗംഗയായ്‌ പെയ്തിറങ്ങീടുക.

എന്റെ വാഗ്‌രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുന്ന മേഘമൗനത്തെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.

(ജനകീയപത്രം)

(photo courtesy google)

6 comments:

  1. ഉറഞ്ഞ മെഘമൌനത്തെ ഉരുക്കി എഴുതിയ കവിത നന്നായി

    ReplyDelete
  2. താളത്തില്‍ ചൊല്ലാനൊരു നല്ല കവിത തന്നതിന് നന്ദി.

    ReplyDelete
  3. രതിയുടെ മറ്റൊരു മുഖം അല്ലേ? നന്നായി..

    ReplyDelete
  4. എന്തു രസമാണ്‌ വായിക്കാൻ...! നന്നായിട്ടുണ്ട്‌. ഇഷ്ടമായി.

    ReplyDelete
  5. ജ്യോതി, കവിത നന്നായിട്ടുണ്ട്..
    ഇവിടെ എത്താന്‍ കൊറച്ചു കഷ്ടപ്പെട്ടു ട്ടോ. സുഖം അല്ലെ?
    സസ്നേഹം, താര

    ReplyDelete
  6. oduvil kaylaasathil, shmashaaanathil , ellaaam avasaanikkum, alle?

    ReplyDelete